ഒഴിപ്പിക്കൽ നടപടിയുമായി സബ് കളക്ടർ മുന്നോട്ട്

തിങ്കള്‍, 17 ഏപ്രില്‍ 2017 (08:01 IST)
കയ്യേറ്റങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ ചിന്നക്കനാൽ മേഖലയിലെ കയ്യേറ്റ ഭൂമികൾ ഇന്നുമുതൽ ഒഴിപ്പിച്ചേക്കും. മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ചിന്നക്കനാലിൽ ഉദ്യോഗസ്ഥർ ഇന്നെത്തുക. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോസ്ഥരാണ് ഇതിനായി തയ്യാറെടുക്കുന്നത്.
 
അവധിയിലായിരുന്ന ദേവികുളം സബ് കലക്ടർ വി.ശ്രീറാം ഇന്നു തിരിച്ചെത്തി റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചശേഷം ചിന്നക്കനാലിലെ പട്ടിക തയാറാക്കി ഒഴിപ്പിച്ച് തുടങ്ങും. ഉടുമ്പൻചോല താലൂക്കിലെ പാപ്പാത്തിച്ചോലയിൽ ഒരു സംഘടന കയ്യേറിയ സ്ഥലവും ഇന്ന് ഒഴിപ്പിച്ചേക്കും. 
 
ചിന്നക്കനാലിലെ സർക്കാർ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ചു റവന്യു വകുപ്പ് വിവരശേഖരണം തുടങ്ങിക്കഴിഞ്ഞു. 
ആനയിറങ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലടക്കം ഏക്കർകണക്കിനു സർക്കാർ ഭൂമി അന്യാധീനപ്പെട്ടിട്ടുള്ളതായി അധികൃതർക്കു വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക