കമിതാക്കളുടെ ബസ്‌യാത്ര ശല്യമായി; പിടികൂടാനെത്തിയ പൊലീസിനും പണി കിട്ടി!
വെള്ളി, 28 ഫെബ്രുവരി 2014 (20:24 IST)
PRO
PRO
കമിതാക്കളുടെ ബസ്‌യാത്ര സഹയാത്രികര്‍ക്ക് ശല്യമായി. സഹികെട്ട യാത്രക്കാര്‍ വിവരം കണ്ടക്ടറെയും തുടര്‍ന്ന് പോലീസിലും അറിയിച്ചു. പാഞ്ഞെത്തിയ പോലീസിന് പിടികൂടാനായത് കാമുകിയെ മാത്രം. കാമുകനാകട്ടെ ഇടയ്ക്കിറങ്ങി രക്ഷപ്പെട്ടു. പോലീസ് ചോദ്യംചെയ്തപ്പോള്‍ കാമുകിയാവട്ടെ ഒന്നുമറിയാത്ത ഭാവത്തില്‍. പോലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും ഭാവമാറ്റം വരുത്താനായില്ല.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോട്ടയം നഗരത്തിലായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ മണിപ്പുഴയില്‍നിന്നാണ് കമിതാക്കള്‍ ബസ്സില്‍ കയറിയത്. കയറിയ ഉടന്‍തന്നെ ഇവരുടെ പരിസരംമറന്നുള്ള പ്രവൃത്തികളാണ് സഹയാത്രക്കാരെ അസ്വസ്ഥരാക്കിയത്. ഇവരുടെ പ്രവൃത്തികള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചതോടെയാണ് മറ്റ് യാത്രക്കാര്‍ വിവരം കണ്ടക്ടറെയും തുടര്‍ന്ന് പൊലീസിലും അറിയിച്ചു. ബസ്‌കോടിമതയിലെത്തിയപ്പോള്‍ കാമുകന്‍ ഇറങ്ങിരക്ഷപ്പെട്ടു.
പെണ്‍കുട്ടിയാകട്ടെ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ ബസില്‍ യാത്രതുടര്‍ന്നു. നഗരത്തില്‍ ഗാന്ധിസ്‌ക്വയറിന് സമീപമെത്തിയപ്പോള്‍ പോലീസ് ബസ് തടഞ്ഞു. പെണ്‍കുട്ടിയെ വിളിച്ചിറക്കി ചോദ്യംചെയ്തപ്പോള്‍ വാദി പ്രതിയായി. താനൊന്നും അറിഞ്ഞില്ലെന്നും ആരോ ഇടയ്ക്ക് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്നും മൊഴി നല്‍കി. ഇറങ്ങിയ ആളല്ലേ തന്റെയും ടിക്കറ്റെടുത്തതെന്ന കണ്ടക്ടറുടെ ചോദ്യത്തിന് മുന്നില്‍ പെണ്‍കുട്ടി കുഴങ്ങി. തുടര്‍ന്ന് പരിചയമുണ്ടെന്ന് സമ്മതിച്ച കാമുകി ബന്ധുവാണ്, സഹോദരന്റെ സുഹൃത്താണ് തുടങ്ങി പലതും പറഞ്ഞു. പിന്നീട് ബസ്‌വിട്ടപ്പോള്‍ അതില്‍ത്തന്നെകയറാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പൊലീസ് വീണ്ടും വിളിച്ചിറക്കി അഡ്രസും ഫോണ്‍നമ്പരും വാങ്ങി. പിന്നീട് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയെ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇപ്പോള്‍ കടുവയെ പിടിച്ച കിടുവ ആരാണെന്നാണ് പൊലീസുകാര്‍ പരസ്‌പരം ചോദിക്കുന്നത്.