കഥാപാത്രത്തിന്റെ തടവറയില്‍ വീഴാത്ത അഭിനേത്രി

ചൊവ്വ, 26 മാര്‍ച്ച് 2013 (19:47 IST)
PRO
PRO
സിനിമയെക്കുറിച്ച് നടിമാര്‍ പറയുന്ന ഒരു പരാതിയുണ്ട്. ഒരിക്കല്‍ ഒരു കഥാപാത്രമായി പ്രേക്ഷക മനസില്‍ കയറിയാല്‍ പിന്നീട് അതില്‍ നിന്നൊരു മോചനമില്ല. ഇതിന് അപവാദമായിരുന്നു സുകുമാരിയെന്ന ബഹുമുഖപ്രതിഭ. ഒരു അമ്മ മുഖത്തിലൂടെ മാത്രമല്ല സുകുമാരി ഓര്‍മ്മിക്കുക. അതില്‍ ഒരു അഹങ്കാരിയും നാട്ടുകാര്യം തീരുമാനിക്കുകയും ചെയ്യുന്ന ഒരു ഇഞ്ചിമൂട് ഗാന്ധാരിയും ഭര്‍ത്താവിനെ ഭരിക്കുന്ന ധാര്‍ഷ്ട്യം നിറഞ്ഞ ഭാര്യയുടെ മുഖവും ഒരു ആംഗ്ലോ ഇന്ത്യന്‍ വനിതയുമൊക്കെയുണ്ടാവും.

തുടക്കംമുതല്‍ എല്ലാത്തരം സ്‌ത്രീകഥാപാത്രങ്ങളെയും സുകുമാരി സ്വീകരിച്ചിരുന്നു. ഒരുപക്ഷേ ഇത്രയേറെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രിമാര്‍ ഇന്ത്യയില്‍ തന്നെ വിരളമാവാം.

സ്വതന്ത്ര ചിന്താഗതി വെച്ചുപുലര്‍ത്തുന്ന കഥാപാത്രങ്ങളാണ് എന്നും പ്രേക്ഷക മനസില്‍ പതിഞ്ഞത്. ആറു പതിറ്റാണ്ട് പിന്നിട്ടഅഭിനയ ജീവിതത്തില്‍ ഗിന്നസ്‌ റെക്കോഡിലേക്ക്‌ നടന്നുകയറിയതും ഈ ഊര്‍ജസ്വലതയും പ്രസരിപ്പും കൊണ്ടായിരുന്നു. നൃത്തവും പാട്ടുമൊക്കെ അവശ്യം വേണ്ടിയിരുന്ന ആദ്യകാല ചിത്രങ്ങളില്‍ ആ ഭാവാഭിനയം അസാധാരണമായിരുന്നു.

ഒരിക്കലും ഏതെങ്കിലും വേഷങ്ങളുടെ തടവറയില്‍ വീണില്ല ആ കലാകാരി. സ്റ്റേജ്‌ ഷോകളില്‍ പോലും പ്രമുഖ നടന്മാര്‍ക്കൊപ്പം ആഘോഷകരമാക്കാന്‍പോലും എന്നും മുന്നില്‍ നിന്നിരുന്നു സുകുമാരിയമ്മ.

വെബ്ദുനിയ വായിക്കുക