കടുവാ സങ്കേതം: ശബരിമല പ്രത്യേക പരിഗണനയില്‍

ബുധന്‍, 3 ഒക്‌ടോബര്‍ 2012 (16:59 IST)
PRO
PRO
കടുവാസങ്കേതങ്ങളിലെ വിനോദസഞ്ചാരം നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മാര്‍ഗരേഖയില്‍ ശബരിമലയുടെ കാര്യത്തില്‍ പ്രത്യേകം വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ ആശങ്ക വേണ്ടെന്ന്‌ കോടതി അറിയിച്ചു. ചൊവ്വാഴ്‌ച കേസില്‍ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്‌തമാക്കി.

കേസില്‍ അയ്യപ്പസേവാ സമാജം കക്ഷി ചേര്‍ന്ന്‌ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ ശബരിമലയുടെ കാര്യം പ്രത്യേകം കേള്‍ക്കാമെന്ന്‌ കോടതി പറഞ്ഞത്‌. ശബരിമലയിലേത്‌ വിനോദസഞ്ചാരമായി കണക്കാക്കാനാവില്ലെന്നും കടുവാ സങ്കേതത്തിന്റെ ബഫര്‍ സോണിലാണ്‌ ഇതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കേന്ദ്ര വനം-പരിസ്‌ഥിതി വകുപ്പ്‌ സമര്‍പ്പിച്ച മാര്‍ഗ രേഖയില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സംസ്ഥാനങ്ങളുടെ ആശങ്കകള്‍ ഗൗരവതരമായി കാണാനാവില്ല എന്നായിരുന്നു കോടതി പറഞ്ഞത്‌. ശബരിമലയില്‍ തീര്‍ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്‌ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന്‌ കേരളം നല്‍കിയ സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക