കഞ്ഞിക്കുഴി പ്രശ്നം തീര്‍ക്കാന്‍ പിണറായി

വ്യാഴം, 11 ഏപ്രില്‍ 2013 (15:17 IST)
PRO
PRO
കഞ്ഞിക്കുഴിയില്‍ പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ട് ഇടപെടും. പ്രശ്നപരിഹരത്തിനായി ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം ഏരിയാ കമ്മിറ്റിയിലെ വിമതപക്ഷം പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന്‌ പിണറായി വിജയന്‍ കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കിയിരുന്നു.

എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗത്തിലാണ്‌ അരൂര്‍, കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്‌. കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി മുതിര്‍ന്ന നേതാവ്‌ സി കെ ഭാസ്കരന്‍, അരൂര്‍ ഏരിയ സെക്രട്ടറി ടി വി തങ്കപ്പന്‍ എന്നിവരെ തത്സ്ഥാനങ്ങളില്‍നിന്ന്‌ മാറ്റി പകരം ജില്ലാ സെക്രട്ടേറിയറ്റംഗം ജി വേണുഗോപാലിനെ അരൂര്‍ സെക്രട്ടറിയായും കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ നേതാവ്‌ സി കെ സുരേന്ദ്രനെ കഞ്ഞിക്കുഴി സെക്രട്ടറിയായും നിയമിക്കാനായിരുന്നു തീരുമാനം.

എന്നാല്‍ ഏരിയാ കമ്മിറ്റി ഇത്‌ അംഗീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന്‌ രൂപംകൊണ്ട പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ കമ്മിറ്റിക്ക്‌ കഴിഞ്ഞില്ല. തോമസ്‌ ഐസകിനെ പ്രശ്നം പരിഹരിക്കാന്‍ നിയോഗിച്ചതിനു പിന്നാലെയാണ്‌ വിമത നേതാക്കള്‍ പിണറായി വിജയനെ കണ്ട്‌ വിഷയം അവതരിപ്പിച്ചത്‌.

വെബ്ദുനിയ വായിക്കുക