ഓണ വിപണി കീഴടക്കാനായി വിദേശ കമ്പനികളടക്കമുള്ള വീട്ടുപകരണ നിര്‍മ്മാതാക്കള്‍ കേരളത്തില്‍ സജീവമായി. റഫ്രിജറേറ്റര്‍, ടെലിവിഷന്‍ തുടങ്ങിയവയുടെ വില്‍പ്പനയില്‍ 50% ശതമാനം വിപണി സാധ്യമാക്കാനാണ് ഗോദ്‌റെജ് ഉള്‍പ്പടെയുള്ള കമ്പനികള്‍ പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്.
വിലക്കിഴിവ്, സമ്മാനങ്ങള്‍, വിനോദയാത്ര ടിക്കറ്റുകള്‍, വിവിധയിനം വായ്പാ സൌകര്യങ്ങള്‍ തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് വീട്ടുപകരണ നിര്‍മ്മാതാക്കള്‍ എത്തിയിരിക്കുന്നത്. ഓണവും മഹാരാഷ്ട്രയിലെ ഗണേശ ഉത്സവത്തോട് അനുബന്ധിച്ചുള്ള വിപണിയും ലക്‍ഷ്യമിട്ടാണ് ഇവര്‍ വ്യാപാര തന്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഓണത്തിലൂടെ വിപണി സാന്നിധ്യം ശക്തമാക്കാന്‍ മുന്‍വര്‍ഷത്തെക്കാളും മികച്ച പദ്ധതികളാണ് ഭൂരിഭാഗം കമ്പനികളും തയാറാക്കിയിരിക്കുന്നത്. കമ്പനിയുടെ ആസ്ഥാനങ്ങളില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി വിതരണക്കാരുമായും ഡീലര്‍മാരുമായും ചര്‍ച്ചകള്‍ നടത്തുകയാണ്.
ശക്തമായ വിതരണ ശ്രംഖല കേരളത്തില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് ഗോദ്‌റെജ് കമ്പനി അധികൃതര്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ വിതരണ ശ്രംഖലയും പരസ്യപ്രചാരണവും ശക്തിപ്പെടുത്തി ലാഭമുണ്ടാക്കാനാണ് വിപ്രോ, എല്‍.ജി തുടങ്ങിയ കമ്പനികളുടെ പദ്ധതി. ഓണവിപണിയില്‍ കളര്‍ ടെലിവിഷനുകളുടെ വില്‍പ്പനയില്‍ വര്‍ദ്ധനയുണ്ടാക്കി തുടങ്ങിയതായി സാംസങ് പറയുന്നു.
മണ്‍സൂണ്‍ ഹംഗാമ എന്ന പദ്ധതി ഓണവിപണിയിലേക്ക് കൂടി നീട്ടിയിരിക്കുകയാണ് സാംസങ്.