ഓടിളക്കി നിയമസഭയില്‍ വന്നവരല്ലാ ഞങ്ങള്‍: കുഞ്ഞാലിക്കുട്ടി

ബുധന്‍, 27 ജൂണ്‍ 2012 (12:38 IST)
PRO
PRO
മലപ്പുറത്തെ 35 സ്കൂളുകള്‍ എയ്ഡഡ്‌ ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമസഭയെ രണ്ടാം ദിവസവും പ്രഷുബ്ധമാക്കി. പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനാണ്‌ സബ്മിഷനായി വിഷയം ഉന്നയിച്ചത്‌. വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായം മുഖ്യമന്ത്രി ബുധനാഴ്ച തിരുത്തിയിരുന്നുവെന്നും ഇതിലെ നിജസ്ഥിതി അറിയണമെന്നും വി എസ്‌ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത്‌ രണ്ട്‌ മുഖ്യമന്ത്രിമാരുണ്ടോയെന്നും മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുമോയെന്നും വി എസ്‌ ചോദിച്ചു. എന്നാല്‍ സബ്‌ മിഷന്‌ മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന്‌ വ്യക്തമാക്കി.

പതിമൂന്നാം തീയതി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ 35 സ്‌കൂളുകള്‍ എയ്‌ഡഡ്‌ ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നുവെന്ന്‌ വ്യക്തമാക്കിയ മുഖ്യമന്ത്രി അന്തിമ തീരുമാനം ധനകാര്യ വകുപ്പിന്‌ വിടുകയാണ്‌ ചെയ്‌തിരുന്നതെന്നും നിയമസഭയെ അറിയിച്ചു. സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാന്‍ നടപടി സ്വീകരിച്ചത്‌ എല്‍ഡിഎഫ്‌ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ ഇതിനുള്ള ഫയല്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. തുടര്‍ നടപടി മാത്രമാണ്‌ ഈ സര്‍ക്കാര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി മറുപടി പൂര്‍ത്തിയാക്കുന്നതിന് മുന്‍പെ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി ഇടയില്‍ കയറി. പ്രതിപക്ഷം മുസ്ലീം ലീഗിനെ ലക്‍ഷ്യം വെയ്ക്കുകയാണെന്നും ഏത്‌ വിഷയത്തിനും സാമുദായിക നിറം നല്‍കാന്‍ ശ്രമിക്കുകയാണെന്നും കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി. ലീഗിനെ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്ട ലീഗ്‌ ഓടിളക്കിയല്ല ജനങ്ങള്‍ വോട്ട്‌ ചെയ്തു തന്നെയാണ്‌ നിയമസഭയില്‍ എത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഞങ്ങളും ഓടിളക്കിയല്ല സഭയില്‍ എത്തിയതെന്ന്‌ വി എസ് അച്യുതാനന്ദന്‍ തിരിച്ചടിച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ രൂക്ഷമായ വാദ പ്രതിവാദം നടത്തുന്നതിനിടെ പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.

വെബ്ദുനിയ വായിക്കുക