ഒറ്റക്കയ്യന്‍ ഒറ്റക്കല്ല; കൂട്ടിന് ‘അണ്ണ’നുമുണ്ട്!

ബുധന്‍, 9 ഫെബ്രുവരി 2011 (08:19 IST)
PRO
ഷൊര്‍ണൂരിനടുത്ത് വള്ളത്തോള്‍ നഗറില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് സൌമ്യയെ തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി ഒറ്റക്കയ്യന്‍ ഗോവിന്ദസ്വാമിയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ വടക്കാഞ്ചേരി പൊലീസിന് ലഭിച്ചു. കുറ്റകൃത്യങ്ങളില്‍ സ്വന്തം ജ്യേഷ്ഠന്‍ തന്നെയായിരുന്നുവെത്രെ ഗോവിന്ദസ്വാമിയുടെ കൂട്ട്. ദിണ്ഡിഗലില്‍ നടത്തിയ മോഷണക്കേസില്‍ അറസ്റ്റിലായ ജ്യേഷ്ഠന്‍ സുബ്രഹ്മണ്യന്‍ (34) ഇപ്പോള്‍ ജയിലിലാണ്‌.

ഗോവിന്ദസ്വാമിയും സുബ്രഹ്മണ്യനും ഒരുമിച്ച് ഒരുപാട് കുറ്റകൃത്യങ്ങള്‍ ചെയ്തതായി കേരളാ പൊലീസിന് തമിഴ്നാട് പൊലീസ് (കടലൂര്‍ പൊലീസ് സ്റ്റേഷന്‍) വിവരം കൈമാറിയിട്ടുണ്ട്. സുബ്രഹ്മണ്യന്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. 2009 ജനുവരി 26-ന്‌ ബാംഗ്ലൂരിലേക്കു പോവാനായി സേലം റെയില്‍വേ സ്റ്റേഷനില്‍ വണ്ടി കാത്തുനില്‍ക്കുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥിയുടെ ബാഗ്‌ മോഷ്ടിക്കാന്‍ ശ്രമിച്ച കേസിലും സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

തൂത്തുക്കുടിയില്‍ നിന്നു സേലത്തേക്ക്‌ പോവുകയായിരുന്ന യുവതിയെയും അഞ്ചുവയസ്സുള്ള ഇവരുടെ മകനെയും ഇരുമ്പുവടികൊണ്ട്‌ അക്രമിച്ചശേഷം ഗോവിന്ദസ്വാമി മാനഭംഗശ്രമം നടത്തിയിരുന്നതായും കടലൂര്‍ പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയും മകനും ബഹളംവച്ചതിനെ തുടര്‍ന്ന്‌ സഹയാത്രക്കാര്‍ ഇവരുടെ രക്ഷയ്ക്കെത്തി. എന്നാല്‍ ഇയാള്‍ തീവണ്ടിയുടെ ചങ്ങല വലിച്ച്‌ ഓടിരക്ഷപ്പെടുകയായിരുന്നു.

വൃദ്ധനായ ഒരു യാത്രക്കാരനെ ഇരുമ്പുവടികൊണ്ട്‌ മര്‍ദ്ദിച്ച് മോഷണത്തിനു ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗോവിന്ദസ്വാമി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സേലം റെയില്‍വേ പോലിസ്‌ സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. എന്നാല്‍ പിന്നീട്‌ ഇയാള്‍ കേസില്‍ നിന്നു ഒഴിവാക്കപ്പെട്ടു.

സൌമ്യയെ മാരകമായി പരിക്കേല്‍പ്പിച്ചശേഷം മാനഭംഗപ്പെടുത്തിയ ഗോവിന്ദസ്വാമിയെ വടക്കാഞ്ചേരി കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട സൗമ്യ രണ്ടുദിവസം മുമ്പാണ്‌ മരണമടഞ്ഞത്‌. പിടിയിലായശേഷം ചാര്‍ളി എന്ന വ്യാജ പേരു നല്‍കി പോലിസിനെ കബളിപ്പിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.

കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളിലായി ഇയാള്‍ക്കെതിരേ നാലു കേസുകളുണ്ട്‌. യാത്രക്കാരെ ആക്രമിക്കുക, മോഷണം എന്നിവയാണ്‌ കേസുകളില്‍ ഭൂരിഭാഗവും. ബലാല്‍സംഗശ്രമം, മാലപൊട്ടിക്കല്‍, കഞ്ചാവ്‌ കള്ളക്കടത്ത്‌ തുടങ്ങിയ കുറ്റകൃത്യങ്ങളും നടത്തിയിരുന്നു. സുബ്രഹ്മണ്യന്‍ ജയിലില്‍ പോകുന്നതുവരെ സ്ത്രീവിഷയമല്ലാത്ത കുറ്റകൃതങ്ങളിലൊക്കെ ‘അണ്ണന്‍’ തന്നെയായിരുന്നു ഗോവിന്ദസ്വാമിയുടെ കൂട്ട്.

വെബ്ദുനിയ വായിക്കുക