ഒറീസ പെണ്‍കുട്ടി: പീഡിപ്പിച്ചില്ലെന്ന് പ്രതി

ശനി, 27 ഓഗസ്റ്റ് 2011 (09:42 IST)
PRO
ഒറീസ സ്വദേശിനിയായ നന്ദിനി(15) എന്ന പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ സംഭവത്തിലെ പ്രതി പിടിയിലായി. ജിത്തു എന്ന യുവാവാണ് പിടിയിലായത്. ഇയാള്‍ നന്ദിനിയുടെ ബന്ധുവാണ്. താന്‍ നന്ദിനിയെ പീഡിപ്പിച്ചിട്ടില്ലെന്ന് ജിത്തു പൊലീസിന് മൊഴി നല്‍കി.

നന്ദിനിയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും പീഡിപ്പിച്ചിട്ടില്ലെന്നുമാണ് ജിത്തു പറയുന്നത്. പെണ്‍കുട്ടിയില്‍ നിന്ന്‌ തട്ടിയെടുത്ത പണം പ്രതിയില്‍ നിന്ന്‌ കണ്ടെടുത്തു.

ട്രെയിനില്‍ നിന്ന്‌ വീണ്‌ ഗുരുതരമായി പരുക്കേറ്റ്‌ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നന്ദിനി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. പെണ്‍കുട്ടിയെ പരിശോധിച്ച ഗൈനക്കോളജി സംഘമാണ് ഇക്കാര്യം പറഞ്ഞത്.

പുതുക്കാടുള്ള ഒരു സ്വകാര്യ സിറാമിക്‌സ്‌ കമ്പനിയിലെ ജീവനക്കാരനായ ഒറീസ സ്വദേശി ഭരതിന്റെ മകളാണ് നന്ദിനി. തലച്ചോറില്‍ ക്ഷതമേറ്റ നന്ദിനി ഒരു മാസത്തോളമെടുക്കും പൂര്‍ണമായ രീതിയില്‍ ബോധം തിരിച്ചുകിട്ടാനെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് മംഗള എക്സ്പ്രസ് കടന്നു പോയപ്പോഴാണ് നന്ദിനിയെ തൃശൂര്‍ ചെമ്പിശേരിയില്‍ റെയില്‍വേ ട്രാക്കില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

അനുജത്തിക്കൊപ്പം 15,000 രൂപയുമായി വീടുവിട്ടിറങ്ങിയ നന്ദിനിയുടെ കൂടെ യുവാവായ സുഹൃത്തും ഉണ്ടായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇയാള്‍ പണം മോഷ്‌ടിച്ചശേഷം പെണ്‍‌കുട്ടിയെ ട്രെയിനില്‍ നിന്നു തള്ളിയിടുകയായിരുന്നുവെന്നും തെളിഞ്ഞിരുന്നു. സഹോദരിക്കൊപ്പമുണ്ടായിരുന്ന 'ബഡാഭായി' ആണ്‌ തള്ളിയിട്ടതെന്ന്‌ അനുജത്തി പൊലീസിന്‌ മൊഴി നല്‍കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക