സി പി എമ്മിനെ ശരിപ്പെടുത്തിക്കളയുമെന്ന് വെല്ലുവിളിക്കുന്ന എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ പോയിട്ട് തോല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ആലപ്പുഴയില്‍ സി പി എമ്മിന്‍റെ വര്‍ഗീയ വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി എസ്.
എങ്ങനെ തുട്ടുണ്ടാക്കാം എന്നാണ് വെള്ളാപ്പള്ളി നോക്കിക്കൊണ്ടിരിക്കുന്നത്. ശ്രീനാരായണഗുരുവിന്‍റെ ദര്‍ശനങ്ങളും ആശയങ്ങളും വളച്ചൊടിച്ച് സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിക്കുകയാണ്. കള്ള് ചെത്തരുതെന്നേ ഗുരു പറഞ്ഞിട്ടുള്ളു, വിദേശ മദ്യത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാടെന്ന് വി എസ് പരിഹസിച്ചു.
ഗുരു തന്‍റെ ജീവിതം കൊണ്ടും കര്‍മ്മം കൊണ്ടും ആശയങ്ങള്‍ കൊണ്ടും എന്ത് ഉദ്ദേശിച്ചുവോ അതിന് കടകവിരുദ്ധമായാണ് ഇന്ന് എസ് എന്‍ ഡി പിയെ നയിക്കുന്നവര്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. ഗുരുവചനം ഉയര്‍ത്തിപ്പിടിക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യേണ്ടവര്‍ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അതിദയനീയമായ കാഴ്ചയാണ്. എസ് എന്‍ ഡി പിയെ ശ്രീ നടേശധര്‍മ്മ പരിപാലനയോഗം എന്നാക്കുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. നടേശന്‍ ഇന്നുതന്നെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതായും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.