ഒരു മുഴം മുമ്പേ മാണി, പള്ളിയില്‍ പോയി, ഇന്നുരാത്രി നിയമസഭയില്‍ തങ്ങിയേക്കും

വ്യാഴം, 12 മാര്‍ച്ച് 2015 (11:43 IST)
പ്രതിഷേധവുമായി ഓടുന്ന പ്രതിപക്ഷത്തിന് ഒരു മുഴം മുമ്പേ ധനമന്ത്രി കെ എം മാണിയുടെ നടപടികള്‍. വ്യാഴാഴ്ച നിയമസഭയില്‍ എത്തിയ ധനമന്ത്രി നിയമസഭ വളപ്പില്‍ തന്നെ ഇന്ന് കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം ഒഴിവാക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇക്കാര്യം ആലോചിക്കുന്നത്.
 
അതേസമയം, പതിവു തെറ്റിച്ച് മാണി ബജറ്റ് തലേന്നു രാവിലെ പള്ളിയില്‍ പോയി. പൊതുവെ, ബജറ്റ് അവതരിപ്പിക്കുന്ന ദിവസം രാവിലെയാണ് മാണി പള്ളിയില്‍ പോകാറുള്ളത്. എന്നാല്‍, ഇതിന് ഭംഗം വരുത്തിയാണ് ഇന്നു തന്നെ മാണി പള്ളിയില്‍ എത്തിയത്. പാളയം സെന്റ് ജോസഫ്സ് പള്ളിയിലെത്തിയാണ് മാണി പ്രാര്‍ത്ഥിച്ചത്.
 
ഇതിനിടെ, ധനമന്ത്രി കെ എം മാണി വെള്ളിയാഴ്ച നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. പ്രതിപക്ഷത്തു നിന്ന് പി തിലോത്തമന്‍ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്.
എന്നാല്‍, ശബ്‌ദരേഖയില്‍ ഒരു മന്ത്രിയുടെയും പേരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണം ബാര്‍ പൂട്ടിയതിന്റെ പകയാണെന്ന് സംശയിക്കാമെന്നും അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക