സംസ്ഥാന സര്‍ക്കാര്‍ അരി മറിച്ചുവിറ്റെന്ന തന്‍റെ ആരോപണത്തോടുള്ള മന്ത്രി തോമസ് ഐസക്കിന്‍റെ പ്രതികരണം കാര്യമറിയാതെയാണെന്ന് കേന്ദ്രമന്ത്രി കെ വി തോമസ്. ഐസക്കിന്‍റെ മറുപടി രാഷ്ട്രീയ പ്രേരിതമാണെന്നും കെവി തോമസ് ചൂണ്ടിക്കാട്ടി.
ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് പദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച അരി സ്വകാര്യമില്ലുകള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കെവി തോമസിന്‍റെ ആരോപണം. പൊതുവിതരണ സമ്പ്രദായം വഴിയോ സഹകരണ സംഘങ്ങള്‍ വഴിയോ ജനങ്ങള്‍ക്ക് വില്‍ക്കേണ്ട അരിയും ഗോതമ്പുമാണ് ടെന്‍ഡര്‍ വിളിച്ച് കൂടിയ വിലയ്ക്ക് സ്വകാര്യ മില്ലുകള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും കേന്ദ്രം ഈ നടപടി തടഞ്ഞെന്നുമായിരുന്നു കെവി തോമസിന്‍റെ ആരോപണം.
എന്നാല്‍ കേന്ദ്രം നല്‍കുന്ന ഗുണനിലവാരമില്ലാത്ത ഭക്‍ഷ്യസാധനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്‍കിയിട്ടും റേഷന്‍ കടകളിലൂടെ വിറ്റുപോകുന്നില്ലായിരുന്നെന്നും ഇതുകൊണ്ടാണ് കെട്ടിക്കിടന്ന ഭക്‍ഷ്യധാന്യം കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി മില്ലുകള്‍ക്ക് വിറ്റതെന്നുമായിരുന്നു സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്‍റെ മറുപടി.
എന്നാല്‍ താന്‍ ഉദ്ദേശിച്ച പദ്ധതി എന്താണെന്ന് അറിയാതെയാണ് ഐസക്കിന്‍റെ പ്രതികരണമെന്നാണ് കെവി തോമസ് ഇന്ന് തിരിച്ചടിച്ചത്. അതിനിടെ കെവി തോമസിന്‍റെ ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.