ഐപിഎല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ

തിങ്കള്‍, 21 ജൂണ്‍ 2010 (16:06 IST)
കേരള ഐ പി എല്‍ ടീമിന്‍റെ ഹോം ഗ്രൌണ്ട് കൊച്ചിയില്‍ തന്നെ ആയിരിക്കുമെന്ന് ഉറപ്പായി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടീ ഉടമകളില്‍ ഒരാളായ വിവേക് വേണുഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കലൂര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച ഐ പി എല്‍ സിഇഒ സുന്ദര്‍രാമനും കൊച്ചി ടീം ഉടമകളായ റൊണ്‍ഡീവൂ കണ്‍സോര്‍ഷ്യത്തിലെ മേഹുല്‍ഷാ, വിവേക്‌ വേണുഗോപാല്‍ എന്നിവരും സ്റ്റേഡിയത്തിലെ സൗകര്യങ്ങളിലും നവീകരണ പ്രവര്‍ത്തനങ്ങളിലും സംതൃപ്‌തി അറിയിച്ചു.

കൊച്ചി ഐ പി എല്‍ ടീമിന്‍റെ ഹോംഗ്രൗണ്ട്‌ മല്‍സരങ്ങള്‍ കേരളത്തിനു പുറത്തുള്ള ഏതെങ്കിലും നഗരത്തില്‍ നടത്തുമെന്ന പ്രചരണം ശരിയല്ലെന്നും ടീം ഉടമകള്‍ വ്യക്തമാക്കി. ഇതോടെ അടുത്ത ഐ പി എല്‍ സീസണില്‍ കൊച്ചി ടീമിന്‍റെ ഒമ്പത്‌ ഹോംഗ്രൗണ്ട്‌ മല്‍സരങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുമെന്ന്‌ ഏകദേശം ഉറപ്പായി.

ഇതിനു മുമ്പ്‌ ഒക്ടോബര്‍ രണ്ടിന്‌ ഇന്ത്യ-ഓസ്ട്രേലിയ രാജ്യാന്തര ഏകദിന ക്രിക്കറ്റ്‌ മല്‍സരവും കൊച്ചിയില്‍ നടക്കും. ഭാവിയില്‍ കൊച്ചിയെ കൂടാതെ തിരുവനന്തപുരത്തും ഐ പി എല്‍ മല്‍സരം നടത്താന്‍ താല്‍പര്യമുണ്ടെന്നും ടീമിന്‍റെ പേര്‌, ജഴ്സി എന്നിവ മൂന്നു മാസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും ടീം ഉടമകള്‍ അറിയിച്ചു.

ടീമിന്‍റെ പരീശീലക സ്ഥാനത്ത്‌ സ്റ്റീവ്‌ വോ ഉള്‍പ്പടെയുള്ള പ്രമുഖരായ മുന്‍ താരങ്ങളെയും പരിഗണിക്കുന്നുണ്ടെന്നും ഉടമകള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക