തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആഞ്ഞുവീശിയ യു ഡി എഫ് തരംഗം കോഴിക്കോട് ജില്ലയെ ഒഴിവാക്കി. കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയും കൊയിലാണ്ടി, വടകര നഗരസഭകളില്‍ സുരക്ഷിതമായ മേല്‍ക്കൈയോടെയും ആണ് എല്‍ ഡി എഫ് വീണ്ടും ഭരണത്തില്‍ എത്തിയിരിക്കുന്നത്. ഇതിനിടയില്‍ എം പി വീരേന്ദ്രകുമാറിന്‍റെ സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടിക്ക് കോഴിക്കോട് കോര്‍പ്പറേഷനില്‍ മല്‍സരിച്ച നാലു സീറ്റിലും ജയം കണ്ടെത്താനായി എന്നതും ശ്രദ്ധേയമാണ്.
സി പി എമ്മിന്‍റെ ശക്തികേന്ദ്രമായ ഏറാമലയില്‍ ഒരുവാര്‍ഡില്‍ വിമതന്‍ വിജയം കണ്ടു. ഏറാമലയിലും അഴിയൂരിലും യു ഡി എഫ് മുന്നേറുകയാണ്. ഒഞ്ചിയം പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളില്‍ സിപിഎം വിമതര്‍ ജയം നേടിയതും ശ്രദ്ധേയമായിരിക്കുകയാണ്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിച്ച് ഡി സി സി പ്രസിഡന്‍റ് കെ സി അബുവിന്‍റെ മകള്‍ കെ സി ശോഭിത പാറോപ്പടി വാര്‍ഡില്‍ വിജയിച്ചു. നിരവധി തര്‍ക്കങ്ങള്‍ക്കു ശേഷമായിരുന്നു ശോഭിത ഇവിടെ സ്ഥാനാര്‍ത്ഥിയായത്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ വിജയം കണ്ടെങ്കിലും വടകരയില്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് മല്‍സരിച്ച ഏഴു സീറ്റിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഐ എന്‍ എല്ലിന് ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.