കോട്ടയം പൊന്‍കുന്നത്ത് ഏഴു വയസുകാരിയെ പിതാവ് വെട്ടിപ്പരുക്കേല്‍പിച്ചു. പാലാ ഉള്ളനാട് എടുവാക്കുന്നില്‍ വീട്ടില്‍ ലാല്‍ കെ ജോണ്‍ ആണ് മകള്‍ അക്ഷയയെ വെട്ടിപ്പരുക്കേല്‍പിച്ചത്. അക്ഷയയ്ക്ക് ഗുരുതരമായ രീതിയില്‍ വെട്ടേറ്റു. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലാല്‍ തന്റെ ഉടമസ്ഥതയിലുള്ള വസ്തു വിറ്റുകിട്ടിയ തുകയില്‍ രണ്ടുലക്ഷം രൂപ ജോസിന് കടം നല്‍കിയിരുന്നു. ഇതില്‍ ഒരുലക്ഷം ജോസ് പിന്നീട് മടക്കി നല്‍കി. ബാക്കി ഒരു ലക്ഷം രൂപ പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയ്യാറായില്ലെന്ന് പറയുന്നു. ചൊവാഴ്ച രാവിലെ ലാല്‍ മകളുമായി ജോസിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. എന്നാല്‍, പണം ലാലിന്റെ അമ്മയുടെ കൈയില്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി.
ക്ഷുഭിതനായ ലാല്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് മകളെ വെട്ടുകയായിരുന്നു. "ഞാനും എന്റെ മകളും ഇല്ലാതായാല്‍ ഞാന്‍ തന്ന പണത്തിന് അവകാശികള്‍ ഇല്ലാതാകുമെന്നും ഈ പണം നിങ്ങള്‍ക്ക് സ്വന്തമാക്കാമെന്നും ഇയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. കുട്ടിയെ ആക്രമിക്കുന്നത് തടയാന്‍ ജോസിന്റെ മകന്‍ ഷിനോ ശ്രമിച്ചതിനാല്‍ കൂടുതല്‍ ആക്രമണം ഒഴിവായി.
വീട്ടുകാരും സമീപത്തുണ്ടായിരുന്ന പണിക്കാരും ചേര്‍ന്ന് ലാലിനെ പിടികൂടി പൊന്‍കുന്നം പൊലീസിന് കൈമാറി. കഴുത്തിനും താടിയ്ക്കും കവിളിനുമാണ് വെട്ടേറ്റത്. ഉടനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കി.
തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവസമയം കുട്ടിയുടെ അമ്മ കോട്ടയത്ത് ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ലാലിനെതിരെ പൊന്‍കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.