ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാര്‍: എളമരം കരീം

ബുധന്‍, 27 നവം‌ബര്‍ 2013 (15:03 IST)
PRO
ചക്കിട്ടപ്പാറ , മാവൂര്‍ , കാക്കൂര്‍ എന്നിവിടങ്ങളില്‍ ഇരുമ്പയിര്‍ ഖനനം നടത്തുന്നതില്‍ അഴിമതി നടന്നുവെന്ന ആരോപണങ്ങളെ നിഷേധിച്ച് എളമരം കരീം രംഗത്തെത്തി.

ഖനനം നടത്തുന്നതില്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് എളമരം കരീം പറഞ്ഞു. ഖനനാനുമതി നല്‍കിയത് കേന്ദ്ര സര്‍ക്കാറാണ്. കേന്ദ്രത്തിന് അനുമതിക്കായി കത്തയച്ചത് വ്യവസായ വകുപ്പ് സെക്രട്ടറിയാണ്. അഴിമതി നടന്നതായി തെളിഞ്ഞെങ്കില്‍ അത് സെക്രട്ടറിയോട് ചോദിക്കണമെന്നും എളമരം കരീം പറഞ്ഞു.

വനം വകുപ്പിന്റെ വനഭൂമി പാട്ടത്തിന് നല്‍കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ചക്കിട്ടപ്പാറയില്‍ നിയമം ലംഘിച്ച് ഒന്നും തന്നെ ചെയ്തിട്ടില്ല. കേന്ദ്രത്തിന് അയച്ച കത്താണ് അനുമതിയായി വ്യാഖ്യാനിക്കപ്പെടുന്നത്. നൌഷാദ് തന്റെ ബന്ധുവാണ് എന്നാല്‍ അയാള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും കരീം പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും കരിം വ്യക്തമാക്കി. തനിക്കെതിരെ ആരോപണം ഉന്നയിച്ച സുബൈര്‍ പെണ്‍‌വാണിഭ സംഘത്തിലെ പ്രതിയാണെന്നും കരീം കൂട്ടിച്ചേര്‍ത്തു

കരിമിന്റെ ബന്ധുവായ നൌഷാദ് ചക്കിട്ടപ്പാറയില്‍ എട്ട് ഏക്കറോളം ഭൂമിയാണ് വാങ്ങിക്കൂട്ടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കിനാലൂരില്‍ മാത്രം നൌഷാദിന് ഏഴിടങ്ങളിലാണ് ഭൂമിയുള്ളത്. അഴിമതി നടന്നതായി കരുതപ്പെടുന്ന 26 ഭൂമിയിടപാടുകള്‍ പുറത്ത് വന്നിരുന്നു.

എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെ നല്‍കിയ ഖാനനാനുമതിക്കു പാരിതോഷികമായി ബന്ധു കൈപ്പറ്റിയ അഞ്ചു കോടി രൂപ കരീമിന്റെ വീട്ടിലെത്തിച്ചതായാണു വെളിപ്പെടുത്തല്‍. കരീമിന്റെ ബന്ധുവും ഭൂമി തട്ടിപ്പു കേസില്‍ പ്രതിയുമായ പിടി നൗഷാദ്‌ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച്‌ എംഎസ്പിഎല്‍ കമ്പനി പ്രതിനിധികളില്‍ നിന്നു പണം വാങ്ങിയെന്ന്‌ ആരോപിച്ചു രംഗത്തെത്തിയതു നൗഷാദിന്റെ മുന്‍ ഡ്രൈവറായ എം.ടി. സുബൈറാണ്‌.

വെബ്ദുനിയ വായിക്കുക