അനിശ്‌ചിതകാല പണിമുടക്കു നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ എസ്‌മ പ്രയോഗിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്ന് സ്വകാര്യ ബസ്സ് ഉടമകള്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് ബസ്സുടമകള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നത് പൌരന്‍റെ മൌലികാവകാശമല്ലെന്നും ബസ്സുടമകള്‍ സത്യവാങ്‌മൂലത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന് ബസ് സര്‍വ്വീസിനെ അവശ്യസര്‍വ്വീസ് വിഭാഗത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അതിന് അധികാരമുള്ളത്. സംസ്ഥാന സര്‍ക്കാരിന് എസ്‌മ പ്രയോഗിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ബസ്സ് ഉടമകളുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം സമാന്തര സര്‍വ്വീസിന് താല്പര്യമുള്ളവര്‍ക്ക് ആറു മണിക്കൂറിനകം പെര്‍മിറ്റ് നല്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കോഴിക്കോട്, ഇടുക്കി ജില്ലകളിലായി ഇതുവരെ 13 സ്‌കൂള്‍ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്കി കഴിഞ്ഞു.
എന്നാല്‍ നിരക്കു വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരും ബസ് ഉടമകളും ഒത്തുകളിക്കുകയാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എം ലിജു ആരോപിച്ചു. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചാല്‍ അതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുമെന്നും ലിജു വ്യക്തമാക്കി.