മാഫിയകളും പത്രങ്ങളും ചാനലുകളും എഴുത്തുകാരെ നിരന്തരം ശകാരിക്കുകയും അവഹേളിക്കുകയും ചെയ്യുന്നുവെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ എം.മുകുന്ദന്‍ പറഞ്ഞു.
ശകാരിക്കാനുള്ള കാരണം എന്താണെന്ന് അറിയില്ല. ഈ അവഹേളനങ്ങളെ തുടര്‍ന്ന് എന്തോ മഹാദ്രോഹം ചെയ്യുന്നവരാണ് എഴുത്തുകാര്‍ എന്ന മനോഭാവമാണ് പൊതുജനങ്ങള്‍ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സാഹിത്യ അക്കാദമി സംഘടിപ്പിച്ച ജില്ലാ സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദന്‍.
സമൂഹത്തിലെ ഒരു വിഭാഗം ആളുകളും മാധ്യമങ്ങളും ഇന്ന് എഴുത്തുകാരെ കാരണം കൂടാതെ ശകാരിക്കാന്‍ മല്‍സരിക്കുകയാണ്. ഒരു മാസികയുടെ മുഖപ്രസംഗത്തില്‍ എഴുത്തുകാരെ അവറ്റകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്താണിതിനു കാരണമെന്നു മനസിലാകുന്നില്ല. എഴുത്തുകാരന്‍ എന്തോ വലിയ ദ്രോഹം ചെയ്‌തതു പോലെയാണ് സമൂഹം പെരുമാറുന്നത്.
നല്ല കഥയും കവിതയുമാണ് ഇവര്‍ക്കുള്ള മറുപടി. എഴുത്തുകാരന്‍ എന്ന നിലയില്‍ അഭിമാനിക്കണമെന്നാണ് വ്യക്‌തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പണം മുടക്കിയാല്‍ എഴുത്തുകാരന്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.