എഴുത്തച്ഛന്‍ പുരസ്കാരം ഒ.എന്‍.വിക്ക്

ബുധന്‍, 31 ഒക്‌ടോബര്‍ 2007 (15:39 IST)
KBJWD
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി ഒ.എന്‍.വി കുറുപ്പിന്‌ ലഭിച്ചു. ഒരുലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

സാംസ്‌കാരിക വകുപ്പുമന്ത്രി എം.എ ബേബി ഒ.എന്‍.വി യുടെ വസതിയിലെത്തിയാണ്‌ അവാര്‍ഡ്‌ വിവരം അറിയിച്ചത്‌. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്‌. വളരെ സന്തോഷത്തോടെയാണ്‌ പുരസ്‌കാരം സ്വീകരിക്കുന്നതെന്ന്‌ ഒ.എന്‍.വി കുറുപ്പ്‌ പറഞ്ഞു.

മറ്റ് ചിലര്‍ പറയുന്നതുപോലെ പുരസ്‌കാരം നേരത്തെ കിട്ടേണ്ടിയിരുന്നു എന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആറു പതിറ്റാണ്ടായി തുടരുന്ന ഉജ്ജ്വലമായ സാഹിത്യ സപര്യയുടെ അംഗീകാ‍രമായാണ് ഒ.എന്‍.വി കുറുപ്പിന് എഴുത്തച്ഛന്‍ പുരസ്കാരം സമ്മാനിക്കുന്നതെന്ന് സാംസ്കാരിക മന്ത്രി എം.എ ബേബി പറഞ്ഞു.

പി. ഗോവിന്ദപ്പിള്ള അധ്യക്ഷനും സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം.മുകുന്ദന്‍, കവയിത്രി സുഗതകുമാരി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്. സാംസ്കാരിക മന്ത്രിയും സമിതിയംഗങ്ങളും ഒ.എന്‍.വി കുറുപ്പിന്‍റെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അത് എല്ലാവരുമായി പങ്കിടുകയാണെന്നും ഒ.എന്‍.വി പറഞ്ഞു. കവിതയെന്ന സങ്കല്‍പ്പം മനസിലുണ്ടാക്കിയത്‌ എഴുത്തച്ഛന്‍റെ അധ്യാത്മ രാമായണമാണ്‌. ഇത് വായിച്ച് പഠിച്ചാണ് കവിത എന്തെന്ന് മനസിലാക്കിയത്. കുട്ടിക്കാലത്ത് ഒരിക്കല്‍ അമ്മ എനിക്കൊരു പേപ്പര്‍ കൊണ്ടുണ്ടാക്കിയ ഒരു കിളിയെ വാങ്ങിത്തന്നു.

ഈ കിളിയെ ഒരിടത്ത് തൂക്കിയിട്ട ശേഷം അതിന്‍റെ മുമ്പിലിരുന്നാണ് രാമായണം വായിച്ചിരുന്നത്. എന്നില്‍ കവിതയെക്കുറിച്ച് ഒരു കിളിമൊഴിയായ സങ്കല്‍പ്പം ഉണ്ടാക്കിയത് എഴുത്തച്ഛനാണ്. അതിനാല്‍ എഴുത്തച്ഛന്‍റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

മാനവികതയും സൌന്ദര്യാത്മകതയും നിറഞ്ഞു നില്‍ക്കുന്ന കവിതകളാണ് ഒ.എന്‍.വിയുടേതെന്ന് അവാര്‍ഡ് നിര്‍ണയിച്ച സമിതിയംഗങ്ങള്‍ പറഞ്ഞു. നവംബറില്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

വെബ്ദുനിയ വായിക്കുക