എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യണമെന്ന് വിഎസ്

തിങ്കള്‍, 20 ഏപ്രില്‍ 2015 (11:00 IST)
രാജ്യസഭ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ അഭ്യര്‍ത്ഥന. ജെ ഡി യുവിനോടും ആര്‍ എസ് പിയോടും ആണ് വി എസ് വോട്ട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
 
സി പി ഐ നേതാവ് സി ദിവാകരന്‍ ആണ് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയത്. ഇരുപാര്‍ട്ടികളോടും വി എസ് വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന് അറിയിച്ച ദിവാകരന്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി വി എസ് വ്യക്തമാക്കിയെന്നും പറഞ്ഞു. 
 
രാവിലെ ഒമ്പതുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം നാലുമണി വരെയാണ്. അഞ്ചുമണിക്കാണ് വോട്ടെണ്ണല്‍. യു ഡി എഫില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയും മുസ്ലിം ലീഗിലെ പി വി അബ്ദുള്‍ വഹാബും മത്സരിക്കുമ്പോള്‍ ഇടതുമുന്നണിയില്‍ നിന്ന് സി പി എമ്മിലെ കെ കെ രാഗേഷും സി പി ഐയിലെ കെ രാജനുമാണ് മത്സരിക്കുന്നത്.
 
ആകെ 139 പേര്‍ക്കാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളത്. യു ഡി എഫിന് പി സി ജോര്‍ജ് അടക്കം 73 അംഗങ്ങളും എല്‍ ഡി എഫിന് 65 അംഗങ്ങളുമാണ് ഉള്ളത്. കെ ബി ഗണേഷ് കുമാര്‍ എല്‍ ഡി എഫിന് ആയിരിക്കും വോട്ട് രേഖപ്പെടുത്തുക.

വെബ്ദുനിയ വായിക്കുക