എല്‍ഡിഎഫ് ഒന്ന് പറഞ്ഞാല്‍ മതി, മത്സരിക്കാന്‍ പിള്ള റെഡി, എന്നാല്‍ പിള്ള വന്നാലും താന്‍ ജയിക്കുമെന്ന് ഷിബു!

കാണി

തിങ്കള്‍, 22 ഫെബ്രുവരി 2016 (15:27 IST)
ഇടതുമുന്നണിയുടെ പടിവാതില്‍ക്കലാണ് ആര്‍ ബാലകൃഷ്ണപിള്ള. ഇനി ആരെങ്കിലും കൈയിലൊന്ന് പിടിച്ചാല്‍ നേരെ ഉള്ളിലേക്കങ്ങ് പോരും. എന്നാല്‍ അതിന് മുമ്പ് ചില കൂടിയാലോചനകളൊക്കെ എല്‍ ഡി എഫില്‍ നടക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ ഇടതുമുന്നണിയിലെടുക്കുന്ന കാര്യത്തില്‍ വി എസും പിണറായിയും സമവായത്തിലെത്താനുള്ള താമസമുണ്ട്.
 
എന്നാല്‍, ഇടതുമുന്നണി പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്നാണ് ബാലകൃഷ്ണപിള്ള ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊട്ടാരക്കരയോ ചവറയോ കൊല്ലമോ ഇരവിപുരമോ എവിടെ വേണമെങ്കിലും താന്‍ മത്സരിക്കാന്‍ റെഡിയാണെന്നാണ് പിള്ള പറയുന്നത്. പക്ഷേ എല്‍ ഡി എഫ് പറയണം.
 
കുറച്ചു മണ്ഡലങ്ങളുടെ പേര് പറയുന്നുണ്ടെങ്കിലും പിള്ളയ്ക്ക് താല്‍പ്പര്യം കൊല്ലമാണ്. പ്രഥമ പരിഗണന കൊല്ലത്തിന് തന്നെ. പക്ഷേ ഇടതുമുന്നണി പറയണം. ഇടതുമുന്നണിക്ക് ഗുണകരമാകുന്നതെന്തും അവര്‍ ആവശ്യപ്പെട്ടാല്‍ താന്‍ ചെയ്യുമെന്നാണ് പിള്ള വ്യക്തമാക്കിയിരിക്കുന്നത്. 
 
ബാലകൃഷ്ണ പിള്ള ചവറയില്‍ മത്സരിച്ചാലും താന്‍ തന്നെയായിരിക്കും അവിടെ ജയിക്കുക എന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. എങ്കില്‍ പിന്നെ ഒരു വാശിക്ക് ഷിബുവിനെതിരെ പിള്ളയെ നിര്‍ത്താന്‍ ഇടതുമുന്നണി തയ്യാറാകുമോ? കാത്തിരിക്കാം.

വെബ്ദുനിയ വായിക്കുക