എല്ലാവര്‍ക്കും രണ്ട് രൂപയ്ക്ക് അരി

വ്യാഴം, 24 ഫെബ്രുവരി 2011 (08:08 IST)
PRO
എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് രൂപയ്ക്ക് അരി ലഭ്യമാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതു സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച നിയമസഭയില്‍ നടത്തും.

മാസവരുമാനം 25,000 രൂപയില്‍ കൂടുതലുള്ളവര്‍ക്കും അഞ്ച് ഏക്കറില്‍ കൂടുതല്‍ സ്ഥലം സ്വന്തമായുള്ളവര്‍ക്കും പുതിയ പദ്ധതി പ്രകാരമുള്ള അരി ലഭിക്കില്ല. പദ്ധതിയുടെ പ്രയോജനം ഏകദേശം 70 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാവുമെന്നാണ് കണക്കാക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ ബില്ലും മന്ത്രി സഭ അംഗീകരിച്ചു. ആര്‍സിസി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, സിഡി‌എസ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ സ്കീം നടപ്പാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇവ സംബന്ധിച്ച ഉത്തരവും രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറങ്ങും.

മാര്‍ച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കാവുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ ജനപ്രിയമായ തീരുമാനങ്ങള്‍ തിരക്കിട്ട് എടുത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക