എയ്ഡ്‌സ്; വിദ്യാർത്ഥിനിക്ക് ഹോസ്റ്റൽ നിഷേധിച്ചു

വ്യാഴം, 3 മാര്‍ച്ച് 2016 (19:09 IST)
എയ്ഡ്‌സ് ബാധിതയായ വിദ്യാർത്ഥിനിക്ക് കോ‌ളേജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നതിന് വിലക്ക്. കണ്ണൂർ പിലാത്തറ വിറാസ് കോ‌ളേജിലെ സൈക്കോളജി ബിരുദ വിദ്യാർത്ഥിനിക്കാണ് വിലക്ക് കാരണം പഠനം നിർത്തേണ്ടി വന്നത്.
 
എച്ച്‌ഐവി പോസിറ്റീവ് ആയ കുട്ടിയുടെ കൂടെ സ്വന്തം മക്കളെ താമസിക്കാൻ രക്ഷിതാക്കൾ തയ്യാറാകുന്നില്ല എന്നു പറഞ്ഞാണ് മാനേജ്മെന്റ് തന്നെ ഹോസ്റ്റലിൽ നിന്നും പുറത്താക്കിയതെന്ന് വിദ്യാർത്ഥി പറയുന്നു. തുടർന്ന് കോളേജ് അധികൃതർ തനിക്ക് താമസിക്കാൻ വൃദ്ധസദനം ഏർപ്പാടാക്കി തന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു.
 
എയ്ഡ്‌സ് രോഗമുള്ള രക്ഷിതാക്കളുടെ മകളായി ജനിച്ചത് മുതൽ തുടങ്ങിയ ഒറ്റപെടുത്തലും അവഗണനയും ഇതുവരെ അവസാനിച്ചിട്ടില്ല. എച്ച്‌ഐവി പോസറ്റീവായ കുട്ടിയുടെ കൂടെയിരുന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് അറിയാവുന്നവരുടെ പിന്തുണയായിരുന്നു തന്നെ ഇവിടെ വരെ എത്തിച്ചതെന്നും വിദ്യാർത്ഥി പറഞ്ഞു. 
 
എന്നാല്‍ വിദ്യാര്‍ത്ഥിനി സ്വമേധയാ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതാണെന്നും പഠനം തുടരുന്നതിന് വിലക്കില്ലെന്നുമാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
 

വെബ്ദുനിയ വായിക്കുക