എയ്ഡഡ് സ്കൂളുകളില്‍ നിയമനം നടത്താനുള്ള അധികാരം മാനേജ്‌മെന്‍റുകള്‍ക്കായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പറഞ്ഞു.
പുതിയ നിയമനങ്ങള്‍ നടത്തുമ്പോള്‍ സംവരണ തത്വങ്ങള്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ബേബി. ഈ വര്‍ഷം മുതല്‍ പാഠ്യപദ്ധതിയില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.
എല്ലാതലത്തിലും വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് പുതിയ പാഠ്യപദ്ധതി തയാറാക്കിയരിക്കുന്നത്. കുട്ടികള്‍ക്ക് ഭാരം കുറയ്ക്കാനായി ഈ വര്‍ഷം മുതല്‍ രണ്ടു ഭാഗങ്ങളായാണ് പുസ്‌തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. എട്ടാം ക്ലാസ് വരെ പെണ്‍കുട്ടികള്‍ക്കു മാത്രം സൗജന്യമായി പുസ്‌തകം നല്‍കുന്നതു വിവേചനത്തിനു കാരണമാകും.
അതുകൊണ്ട് എട്ടുവരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പുസ്‌തകങ്ങള്‍ സൗജന്യമായി നല്‍കും. ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കുമെന്നും ഇതിനായി അധ്യാപകരെ പുനര്‍ വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക സംഘടനകള്‍ ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നിലവാരം കുറഞ്ഞ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ പല പദ്ധതികളും നടപ്പിലാക്കും. എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനം മാനേജ്‌മെന്‍റുകളില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അര്‍ഹതയുള്ളവര്‍ തന്നെയാണ് സര്‍വീസില്‍ കയറുന്നതെന്ന് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.