എയര്‍ കേരള: ആവശ്യങ്ങള്‍ പരിഗണിക്കും

ചൊവ്വ, 25 സെപ്‌റ്റംബര്‍ 2012 (19:57 IST)
PRO
PRO
കേരളത്തിന്റെ സ്വന്തം വിമാന കമ്പനി എന്ന സ്വപ്നത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എയര്‍ കേരളയുടെ രൂപീകരണത്തിനായി വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളില്‍ ഇളവ്‌ വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി ചീഫ്‌ സെക്രട്ടറി കെ ജയകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം വേണ്ടിവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വികസന പദ്ധതികളെ കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രിയൂടെ ഓഫീസ്‌ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ എയര്‍ കേരളയ്‌ക്ക് വേണ്ടി മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാമെന്ന ഉറപ്പ്‌ ലഭിച്ചത്‌. എയര്‍ കേരളയ്ക്ക് അനുമതി ലഭിക്കാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആഭ്യന്തര സര്‍വീസുകള്‍ നടത്തി അഞ്ച്‌ വര്‍ഷം പരിചയമുളള വിമാനക്കമ്പനികള്‍ക്ക്‌ മാത്രമേ അന്താരാഷ്‌ട്ര സര്‍വീസുകള്‍ നടത്താനുളള അനുവാദം നല്‍കുകയുള്ളു. മാത്രമല്ല കുറഞ്ഞത്‌ ഇരുപത്‌ വിമാനങ്ങള്‍ സര്‍വീസ് നടത്തണമെന്നും നിബന്ധനയുണ്ട്. ഈ നിബന്ധനകളില്‍ ഇളവ് നേടാനാണ് കേരളം ശ്രമിക്കുന്നത്.

എയര്‍ കേരളയ്ക്കായി 10,000 രൂപ വീതം രണ്ടുലക്ഷം പേരില്‍ നിന്ന് ഓഹരികള്‍ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നത്. 200 കോടി രൂപ ഇങ്ങനെ സമാഹരിക്കാനാകും. സിയാലിന് 17,500 ഓഹരി ഉടമകളുണ്ട്. ഇവര്‍ക്കും ഓഹരി എടുക്കാം. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി ഏണസ്റ്റ് ആന്‍ഡ് യംഗ് എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക