എമേര്‍ജിംഗ് കേരളയിലും നെല്ലിയാമ്പതി വിവാദം

ശനി, 25 ഓഗസ്റ്റ് 2012 (19:06 IST)
PRO
PRO
കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എമേജിംഗ് കേരള എന്ന നിക്ഷേപക സംഗമം നെല്ലിയാമ്പതിയുടെ പേരില്‍ വീണ്ടും വിവാദത്തില്‍. നെല്ലിയാമ്പതിയില്‍ ടൂറിസം പദ്ധതിക്ക് എമര്‍ജിംഗ് കേരളയില്‍ നിര്‍ദ്ദേശം. സ്വകാര്യ പങ്കാളിത്തത്തോടെ ഫോറസ്റ്റ് ലോഡ്ജും ഹെല്‍ത്ത് റിസോര്‍ട്ടും സ്ഥാപിക്കാനാണ് പദ്ധതി. 25 ഏക്കര്‍ ഭൂമിയില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം. നെല്ലിയാമ്പതിയിലെ വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉയരവേയാണ്‌ പുതിയ നിര്‍ദേശം എമേര്‍ജിംഗ്‌ കേരളയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

അതേസമയം, പദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ രംഗത്തെത്തി. പദ്ധതിക്കെതിരെ എംഎല്‍എമാരായ ടി എന്‍ പ്രതാപനും വി ഡി സതീശനും രംഗത്തെത്തി. വനഭൂമിയില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കാനാകില്ലെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. എന്നാല്‍, നെല്ലിയാമ്പതി ടൂറിസത്തിന്‌ അനുയോജ്യമായ സ്‌ഥലമാണെന്നും പദ്ധതിയെ അനുകൂലിക്കുന്നു എന്നും ചീഫ് വിപ്പ് പി സി ജോര്‍ജ്‌ പ്രതികരിച്ചു.

എമേര്‍ജിംഗ് കേരളയ്ക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു. റിയല്‍ എസ്റ്റേറ്റ്‌ മാഫിയയെ സഹായിക്കാനാണ്‌ കേരള സര്‍ക്കാര്‍ എമേര്‍ജിംഗ്‌ കേരള എന്ന പേരില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നതെന്ന്‌ വി എസ്‌ ആരോപിച്ചു.

നിക്ഷേപക സംഗമത്തിന്റെ മറവില്‍ കരിമണല്‍ കൊള്ള നടത്താനാണ്‌ ശ്രമമെന്നും ഇതുകൊണ്ടാണ്‌ പരിപാടിക്ക്‌ വേണ്ടി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാത്തതെന്നും വി എസ്‌ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം നേരത്തെ എല്‍ഡിഎഫ്‌ ബഹിഷ്കരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക