എന്‍എസ്‌എസ്‌ - എസ്‌എന്‍ഡിപി ഐക്യം നല്ലദിശയില്‍: പിള്ള

ഞായര്‍, 30 സെപ്‌റ്റംബര്‍ 2012 (09:41 IST)
PRO
PRO
എന്‍എസ്‌എസ്‌ - എസ്‌എന്‍ഡിപി ഐക്യം നല്ലദിശയിലാണെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. യുഡിഎഫിനെതിരെ എന്‍എസ്‌എസ്‌ ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം ശരിയാണെന്നും പിള്ള കൂട്ടിച്ചേര്‍ത്തു. എമേര്‍ജിംഗ്‌ കേരളയെക്കുറിച്ച്‌ താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും പിള്ള പറഞ്ഞു.

യുഡിഎഫ്‌ ഉണ്ടാക്കിയവരില്‍ താന്‍ മാത്രം അവശേഷിക്കുന്നുള്ളു. മരണം വരെ അതില്‍ ഉറച്ചുനില്‍ക്കുമെന്നും ബാലകൃഷ്ണപിള്ള പത്തനംതിട്ട പ്രസ് ക്ലബില്‍ പറഞ്ഞു. ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ വന്നുപോകുന്ന ശബരിമലയില്‍ യാതൊരു നിയന്ത്രണവും അനുവദിക്കാനാകില്ല. മനുഷ്യനേക്കാള്‍ കടുവയ്ക്കു പ്രാധാന്യം നല്‍കേണ്ടതില്ല. കടുവകളെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം മനുഷ്യരുടെ സൗകര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗണേശ് കുമാര്‍ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ആ വയ്യാവേലി ഒഴിഞ്ഞു പോകുമായിരുന്നെന്നും പിള്ള കൂട്ടിച്ചേര്‍ത്തു. ആനക്കൊമ്പ്‌ വിഷയത്തില്‍ മോഹന്‍ലാലിന്റെ നിരപരാധിത്വം ബോധ്യമാണ്‌. സുഹൃത്ത്‌ സൂക്ഷിക്കാന്‍ വച്ച കൊമ്പുകളാണ്‌ അദ്ദേഹത്തിന്റെ പക്കലുള്ളതെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക