എന്ന് നിന്റെ മൊയ്തീന്‍: വിമലിന് പ്രത്യേകിച്ച് പണിയൊന്നുമില്ലായിരുന്നു; 111 സീന്‍ എഴുതിയ ഒരു പുസ്തകത്തെ സിനിമയാക്കിയത് താനാണെന്ന് ആർ ജെ രാജൻ

ശനി, 5 മാര്‍ച്ച് 2016 (19:04 IST)
ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്നും നിന്റെ മൊയ്തീനെതിരെ ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആർ ജെ രാജൻ രംഗത്ത്. സിനിമയുടെ ചിത്രീകരണം ഉ‌ൾപ്പെടെ മുഴുവൻ പ്രവർത്തനങ്ങ‌ൾ ചെയ്തിട്ടും ജോലിയുടെ പ്രതിഫലം തരാതെ സംവിധായകൻ വിമൽ ചതിച്ചുവെന്നാണ് രാജൻ ആരോപിക്കുന്നത്.
 
പുതുമുഖ സംവിധായകൻ എന്ന നിലയിൽ ഒട്ടും മികച്ചതായിരുന്നില്ല വിമലിന്റെ പ്രവർത്തനങ്ങ‌ൾ, സിനിമാ പ്രവർത്തനത്തിൽ ഒരു ചുക്കും അറിയാത്ത വിമലിനെ എല്ലാ കാര്യത്തിലും സഹായിച്ചിട്ടുകൂടി ചതി മാത്രമാണ് തനിക്കും സഹായികളായി നിന്ന മറ്റു രണ്ടു യവാക്കൾക്കും പ്രതിഫലമായി ലഭിച്ചതെന്നും രാജൻ പറയുന്നു.
 
മണിരത്നം അടക്കമുള്ള പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ച് കഴിവു തെളിയിച്ച അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളാണ് രാജൻ. വിമലിന്റെ സുഹൃത്ത് വഴിയാണ് മൊയ്തീന്റെ പ്രവർത്തനത്തെ കുറിച്ച് അറിഞ്ഞത്. തുടർന്ന് വിമൽ സഹായം തേടിയതിനെ തുടർന്നാണ് താൻ ഈ സിനിമയുടെ പ്രവർത്തനം ഏറ്റെടുത്തതെന്നും രാജൻ സാക്ഷ്യപെടുത്തുന്നു.
 
ഒന്നു മുതല്‍ നൂറ്റി പതിനൊന്ന് സീന്‍ വരെ എഴുതിയ ഒരു പുസ്തകം മാത്രമായിരുന്നു വിമലിന്റെ അടുത്ത് ആകെയുണ്ടായിരുന്നത്. അതിനെ ഒരു സിനിമാ രൂപത്തിൽ മാറ്റിയത് താനാണെന്ന് രാജൻ പറയുന്നു. സിനിമയുടെ ഓരോ പ്രവർത്തനത്തിലും താൻ ഉണ്ടായിരുന്നെങ്കിലും അവസാന ദിവസങ്ങ‌ളിൽ മനപൂർവ്വം തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. നിര്‍മാതാവ് നേരിട്ട് ശമ്പളം തരാന്‍ തയ്യാറായിരുന്നെങ്കിലും വിമല്‍ ഇടപെട്ട് തടയുകയും പ്രതിഫലം തരാതിരിക്കുകയും ചെയ്തുവെന്ന് രാജൻ പറയുന്നു.
 
ആറ് കോടി രൂപ ബഡ്ജറ്റിൽ ആരംഭിച്ച ചിത്രം റിലീസ് സമയമായപ്പോൾ 12 കോടി രൂപ ആയെന്ന് വിമൽ കള്ളക്കണക്ക് എഴുതിച്ചേർത്തുവെന്നാണ് രാജന്റെ ആരോപണം. യഥാർത്ഥത്തിൽ മൊയ്തീന്റെ സംവിധായകൻ വിമലാണെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന് പ്രത്യേകിച്ച് പണിയൊന്നുമില്ലായിരുന്നു എന്നും രാജൻ അറിയിച്ചു. ഇതിൽ കൂടുതലും തനിക്ക് പറയാനുണ്ടെന്നും എന്നാൽ മറ്റൊരു സിനിമയുടെ പ്രവർത്തനത്തിൽ ആയതിനാൽ തൽക്കാലം അതിനു മുതിരുന്നില്ലായെന്നും രാജൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക