എച്ച്‌എംടി ഭൂമി ഇടപാട്: കരീമിന് തെറ്റുപറ്റിയോ എന്ന് പറയേണ്ടത് താ‍നല്ലെന്ന് വി എസ്

വ്യാഴം, 6 ജൂണ്‍ 2013 (16:36 IST)
PRO
PRO
എച്ച്എംടി ഭൂമി ഇടപാടില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന് തെറ്റുപറ്റിയോ പറയേണ്ടതെന്ന് താനല്ലെന്ന് വിഎസ് അച്യുതാനന്ദന്‍. എച്ച് ഡി ഐ എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണ്. ഭൂമി ഇടപാടില്‍ പാര്‍ട്ടി നിലപാടാണ് താന്‍ പറയുന്നതെന്നും വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. സൈബര്‍ സിറ്റിക്കായി നല്‍കിയ 70 ഏക്കര്‍ എച്ച്എംടി ഭൂമി മറിച്ചുവില്‍ക്കാന്‍ എച്ച് ഡി ഐ എല്‍ ഇന്നലെ പത്രപരസ്യം നല്‍കിയത് ഏറെ വിവാദങ്ങള്‍ക്കിടയായ സാഹചര്യത്തിലാണ് വി എസിന്റെ പ്രതികരണം.

2002ല്‍ എളമരം കരിം വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് എച്ച് ഡി ഐ എല്ലിന് കൈമാറിയത്. വിഎസ് അന്നും ഭൂമി കൈമാറ്റത്തിന് എതിരായിരുന്നു. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനത്തിന് വി എസ് പങ്കെടുത്തതുമില്ല. എന്നാല്‍ എളമരം കരിമിന്റെ വ്യവസായ വകുപ്പ് ഭൂമി കൈമാറ്റത്തില്‍ നിന്നും പിന്മാറിയില്ല. എച്ച്ഡിഐഎല്ലിന് റിയല്‍ എസ്‌റ്റേറ്റ് താല്‍പര്യങ്ങളുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ എതിര്‍പ്പ് ഉന്നയിച്ചപ്പോള്‍ തെങ്ങിന്റെ മണ്ടയില്‍ വികസനമുണ്ടാകുമോ എന്നായിരുന്നു എളമരം കരിമിന്റെ പരിഹാസം. 1963ല്‍ നിരവധി കര്‍ഷകരെയും സാധാരണക്കാരെയും കുടിയൊഴിപ്പിച്ചാണ് സര്‍ക്കാര്‍ എച്ച്എംടിക്കായുള്ള ഭൂമി ഏറ്റെടുത്തത്. ആ ഭൂമിയാണ് റിയല്‍ എസ്‌റ്റേറ്റ് താല്‍പര്യങ്ങളോടെ വില്‍ക്കാനൊരുങ്ങുന്നത്.

സെന്റ് ഒന്നിന് ഒരു ലക്ഷത്തി മുപ്പത്തിനാലായിരം രൂപയ്ക്കു വാങ്ങിയ ഭൂമി വന്‍ വിലയ്ക്കാണ് വില്‍ക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയാണ് തങ്ങളെന്ന് എച്ച് ഡി ഐ എല്‍ പരസ്യത്തില്‍ പറയുന്നു. മാത്രമല്ല ഇത് റെയില്‍, റോഡ്, തുറമുഖം, വിമാനത്താവളം എന്നിവയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാവുന്ന കണ്ണായ സ്ഥലമാണെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


വെബ്ദുനിയ വായിക്കുക