എഐവൈഎഫ് നേതാവിനെ മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

ചൊവ്വ, 9 ജൂലൈ 2013 (10:52 IST)
PRO
PRO
തിരുവനന്തപുരത്ത് എഐവൈഎഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിന് തൃശൂരില്‍ വെച്ച് വെട്ടേറ്റു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് പ്രഭാകറിനാണ് തലക്കടിയേറ്റത്. ബസ് കാത്തുനില്‍ക്കുന്നതിനിടെ ഇന്നൊവയിലെത്തിയ സംഘമാണ് അഭിലാഷിനെ വെട്ടിയത്.

ഇന്നലെ രാത്രിയില്‍ തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്ക് മടങ്ങിയെത്തിയ ഉടനെയായിരുന്നു ആക്രമണം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ പ്രകടനത്തിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. നിയമസഭയിലേക്ക് പ്രകടനമായി നീങ്ങിയ പ്രവര്‍ത്തകരെ കൊടികെട്ടാനുപയോഗിച്ച വടിയുപയോഗിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണകുമാറിനെ അഭിലാഷ് വടിയുപയോഗിച്ച് തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പോലീസുകാരും നാട്ടുകാരും നോക്കി നില്‍ക്കെയാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിനെയും വനിതാ പ്രവര്‍ത്തകയായ ബിന്ദുരാജിനെയും മര്‍ദ്ദിച്ചത്.

വെബ്ദുനിയ വായിക്കുക