ഊര്‍ജപ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് പകല്‍ വൈദ്യുതി നിയന്ത്രണം അനിശ്ചിതകാലത്തേക്ക്
ശനി, 6 ഏപ്രില്‍ 2013 (18:13 IST)
PRO
PRO
സംസ്ഥാനത്തെ പകല്‍ വൈദ്യുതി നിയന്ത്രണം അനിശ്ചിത കാലത്തേക്ക്. താല്‍ച്ചര്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാവാത്തതാണ് രാവിലെ 11നും മുതല്‍ വൈകുന്നേരം നാലിനുമിടയിലുള്ള വൈദ്യുതി നിയന്ത്രണം അനിശ്ചിത കാലത്തേക്ക് തുടരാന്‍ കാരണം. രണ്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കേരളത്തെ ഇരുട്ടിലാക്കുന്നത്.
കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ ഉണ്ടായ കുറവാണ് കേരളത്തില്‍ പകല്‍ വൈദ്യുതി നിയന്ത്രണം അനിവാര്യമാക്കിയത്. കല്‍ക്കരി ക്ഷാമം നിമിത്തം താല്‍ച്ചര്‍ താപവൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് കേന്ദ്ര വിഹിതം കുറയുന്നതിനു കാരണമായി എന്നായിരുന്നു വിശദീകരണം. എന്നാല്‍, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും കോള്‍ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള തര്‍ക്കമാണ് കേന്ദ്ര വൈദ്യുതി വിഹിതം കുറയുന്നതിന് കാരണമായതെന്ന് പിന്നീട് വ്യക്തമായി.
താല്‍ച്ചര്‍ നിലയത്തിന്റെ ഉടമകളായ എന്‍ടിപിസിക്ക് കല്‍ക്കരി നല്‍കുന്നത് കോള്‍ ഇന്ത്യ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇപ്പോള്‍ താല്‍ച്ചറില്‍ നിന്ന് കേരളത്തിന് 286 മെഗാവാട്ട് കിട്ടുന്നുണ്ട്. വൈദ്യുതി വ്യാപാരികള്‍ മുഖേനം 350 മുതല്‍ 400 മെഗാവാട്ട് വരെ ലഭിക്കുന്നു. കായംകുളത്തു നിന്ന് 350 മെഗാവാട്ട് കൂടി എടുത്താണ് കെഎസ്ഇബി ആവശ്യകത നിറവേറ്റുന്നത്.
വെള്ളിയാഴ്ച സംസ്ഥാനത്ത് പകല്‍ നിയന്ത്രണമുണ്ടായിരുന്നിട്ടും 60.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കപ്പെട്ടു. കേന്ദ്ര സ്ഥാപനങ്ങള്‍ തമ്മിലുള്ള പോരാണ് കേരളത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി കൂടുതല്‍ വഷളാക്കിയത്.