ഉറുമ്പുതീനിക്ക് വില 4 കോടി, വില്‍പ്പനശ്രമം വനപാലകര്‍ പൊളിച്ചു

ബുധന്‍, 21 ഒക്‌ടോബര്‍ 2015 (16:16 IST)
അനധികൃതമായി ഉറുമ്പുതീനിയെ വില്‍ക്കാന്‍ ശ്രമിച്ചവരെ വനം ഇന്‍റലിജന്‍സ് അറസ്റ്റുചെയ്തു. ഉറുമ്പുതീനിയെയും കസ്റ്റഡിയിലെടുത്തു. ആറുപേരാണ് പിടിയിലായത്. കച്ചവടം ഉറപ്പിക്കുന്നതിനിടയില്‍ വനം ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇവരെ വളഞ്ഞു. ഇതോടെ ഉറുമ്പുതീനിയെ വാങ്ങാനെത്തിയവര്‍ ഓടി രക്ഷപ്പെട്ടു. വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. 
 
തിരുവനന്തപുരത്ത് ചെറുവയ്ക്കലിലാണ് സംഘം ഉറുമ്പുതീനിയെ വില്‍ക്കാനായെത്തിയത്. ആര്യങ്കാവ് വനത്തിനുള്ളില്‍ നിന്നാണ് ഉറുമ്പ് തീനിയെ സംഘത്തിന് ലഭിച്ചതെന്ന് കരുതുന്നു. നാലുകോടി രൂപയ്ക്കാണ് ഉറുമ്പുതീനികച്ചവടം ഉറപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരു ടവേര കാറും വനം ഇന്‍റലിജന്‍സ് പിടിച്ചെടുത്തു. 
 
അറസ്റ്റിലായവരില്‍ മൂന്നു പേര്‍ ആര്യങ്കാവ് സ്വദേശികളാണ്. ഉറുമ്പുതീനിയെ തിരുവനന്തപുരം മൃഗശാലയ്ക്ക് കൈമാറുകയോ വനത്തിനുള്ളിലേക്ക് തിരികെ വിടുകയോ ചെയ്യും.
 
ഉറുമ്പുതീനിയുടെ രക്തത്തിന് ലൈംഗിക ഉത്തേജനമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രചരണമുണ്ട്. ഈ ജീവിയുടെ തോലില്‍ ഇറിഡിയം അടങ്ങിയിട്ടുണ്ടെന്നും പ്രചരിപ്പിക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫിനേക്കാള്‍ സുരക്ഷിതവും കട്ടിയുള്ളതുമായ വസ്ത്രമുണ്ടാക്കാന്‍ ഇതിന്‍റെ തോല്‍ ഉപയോഗിക്കാമെന്നും പ്രചരണം നടക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക