ഉപാധികളോടെ അമ്മയുമായി ചര്‍ച്ചയാകാം: തിലകന്‍

ചൊവ്വ, 23 ഫെബ്രുവരി 2010 (13:12 IST)
PRO
താരസംഘടനയായ അമ്മയുമായി ഉപാധികളോടെ ചര്‍ച്ചയാകാമെന്ന് നടന്‍ തിലകന്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിലകന്‍. തനിക്കു തൊഴില്‍ നിഷേധിക്കപ്പെടുന്ന പ്രശ്നത്തില്‍ ഇതുവരെ ആരും ഇടപെട്ടിട്ടില്ലെന്നും തിലകന്‍ പറഞ്ഞു.

സുകുമാര്‍ അഴീക്കോട്‌ നടത്തുന്ന മധ്യസ്ഥശ്രമങ്ങളുമായി സഹകരിക്കണമോയെന്ന്‌ ആലോചിക്കുന്നുണ്ടെന്നും തിലകന്‍ അറിയിച്ചു. അതേസമയം, ഒരു മേശയ്ക്ക് ഇരുപുറവുമിരുന്ന് ചര്‍ച്ച നടത്താന്‍ മോഹന്‍ ലാലും തിലകനും സമ്മതിച്ചതായി സാംസ്കാരിക നായകന്‍ സുകുമാര്‍ അഴീക്കോട് അറിയിച്ചു.

അച്ചടക്ക സമിതിക്കു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടു താരസംഘടനയായ ‘അമ്മ’ നടന്‍ തിലകന് വെള്ളിയാഴ്ചയാണ് കത്തു നല്കിയത്. മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്തുള്ള അമ്മ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

അച്ചടക്ക സമിതിക്ക് മുമ്പാകെ അന്നു തന്നെ ഹാജരായി നിലപാട് വ്യക്തമാക്കണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ട്. അതേസമയം തിലകന്‍റെ വിവാദ പര്‍മര്‍ശങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ അമ്മ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക