ഇ-മെയില്‍ കേസ്: വിജു വി നായര്‍ക്കെതിരെ കേസെടുക്കും

വ്യാഴം, 3 മെയ് 2012 (17:30 IST)
PRO
PRO
ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകനായ വിജു വി നായര്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യത. സംഭവത്തില്‍ വിജു വി നായര്‍, ഹൈടെക്‌ സെല്‍ എസ്‌ ഐ ബിജുസലിം, അഡ്വ ഷാനവാസ്‌ എന്നിവര്‍ക്ക്‌ നേരിട്ട്‌ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ നല്‍കി. തിരുവനന്തപുരം ചീഫ്‌ ജുഡിഷ്യല്‍ മജിസ്ട്രേട്ട്‌ കോടതിയിലാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

മുസ്ലീംപേരിലുള്ള നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഇ-മെയില്‍ പൊലീസ് ചോര്‍ത്തുന്നെന്ന് മാധ്യമം വാരികയിലാണ് റിപ്പോര്‍ട്ട് വന്നത്. വിജു വി നായാരണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇത് ഏറെ വിവാദമായിരുന്നു. പൊലീസ് ചോര്‍ത്തിയെന്ന് ആരോപിക്കുന്ന ഇ-മെയില്‍ ഐ ഡികളുടെ ലിസ്റ്റ് വാരിക പ്രസിദ്ധീകരിച്ചിരുന്നു.

ഇ-മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന രഹസ്യ രേഖ പുറത്തായത്‌ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ ഹൈടെക്‌ സെല്ലില്‍ നിന്നാണെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക്‌ കൃത്രിമമായി രേഖകള്‍ ഉണ്ടാക്കി നല്‍കിയെന്ന് ആരോപിച്ച് ഹൈടെക് സെല്‍ എസ് ഐ ബിജു സലീമിനെ കേസില്‍ ഒന്നാം പ്രതിയാക്കിയിരുന്നു. മോഷണം, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ എന്നീകുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്‌.

സംഭ‌വത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വെച്ചാണ്‌ ഗൂഢാലോചന നടന്നത്. അ‌ഡ്വക്കേറ്റ് ഷാനാവാസിനും ഗൂഢാലോചനയില്‍ പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. അഡ്വക്കേറ്റ് ഷാനാവാസ് പൊലീസ് കസ്റ്റഡിയിലാണ്.

വെബ്ദുനിയ വായിക്കുക