ഇന്ധനവില വര്‍ധനവ് മുതലാളിമാര്‍ക്ക് വേണ്ടി: ഐസക്

വെള്ളി, 25 ജൂണ്‍ 2010 (18:06 IST)
PRO
ഇന്ധനവില വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കുത്തകമുതലാളിമാരെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. റേഷന്‍ മണ്ണെണ്ണ വിതരണത്തെ വിലവര്‍ദ്ധനവ് ബാധിച്ചാല്‍ കേരളത്തിലെ തീരദേശമേഖല പ്രതിസന്ധിയിലാകും. പാചകവാതക വര്‍ദ്ധനവ് സാധാരണക്കാരന്റെ നടുവൊടിക്കും.

പെട്രോള്‍-ഡീസല്‍ വില കൂടിയാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കേണ്ടി വരും. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഈ തീരുമാനമെന്നും മന്ത്രി കുറ്റപ്പെടുത്തി. വില വര്‍ധനവിലൂടെ ലഭിക്കുന്ന അധികനികുതി വേണ്ടെന്നു വെയ്ക്കാന്‍ സംസ്ഥാനസര്‍ക്കാരിനാവില്ലെന്നും ഐസക് പറഞ്ഞു.

കുത്തകകളെ സഹായിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ലക്കയറ്റം കൊണ്ട്‌ പൊറുതിമുട്ടുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക്‌ നയിക്കാനെ ഇന്ധന വിലവര്‍ധന സഹായിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. വിലനിലവാരത്തിന്റെ നിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക്‌ വിട്ടുകൊടുത്തത്‌ അരാജകത്വത്തിലേക്ക്‌ നയിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ പറഞ്ഞു.

വില വര്‍ധന ഒഴിവാക്കേണ്ടതായിരുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. വില വര്‍ധനവിലൂടെ ലഭിക്കുന്ന അധികനികുതി വേണ്ടെന്നു വെയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക