ഇനി ആര് ഭരിക്കും; നാട്ടിലെങ്ങും ചൂടേറിയ ചര്‍ച്ചകള്‍

തിങ്കള്‍, 31 മാര്‍ച്ച് 2014 (14:57 IST)
PRO
PRO
രാജ്യം തെരഞ്ഞെടുപ്പ് ചൂടിന്റെ കാഠിന്യത്തിലെത്തിയതോടെ എല്ലാവര്‍ക്കും സംസാര വിഷയം ഇന്ത്യ ഇനി ഭരിക്കുന്നത് ആരെന്നാണ്. ചായക്കടകകളിലും ബാര്‍ബര്‍ഷോപ്പുകളിലും ബസ്‌സ്റ്റോപ്പിലുമൊക്കെ രാഷ്ട്രീയ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. ആലപ്പുഴ തോട്ടപ്പള്ളി ഫിഷിങ്‌ ഹാര്‍ബറിലെ മത്സ്യ തൊഴിലാളികള്‍ക്കിടയിലും രാഷ്ട്രീയ ചര്‍ച്ച പൊടിപൊടിക്കുന്നത്. നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും ചര്‍ച്ചയില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ മൂന്നാം മുന്നണിക്ക്‌ സാധ്യത ഇല്ലെന്നും എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

രാവിലെ പണി കഴിഞ്ഞ്‌ കരയിലെത്തിയ മുരുക്കുവേലി ദേവി വള്ളത്തിലെ തൊഴിലാളികള്‍ക്കിടയില്‍ മൂന്ന്‌ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ തന്നെ. രാജ്യം ഭരിക്കാന്‍ എന്തുകൊണ്ടും യോഗ്യത രാഹുല്‍ഗാന്ധിക്ക്‌ മാത്രമാണെന്ന്‌ ഹരിദാസ്‌ അഭിപ്രായപ്പെട്ടതാണ്‌ ചര്‍ച്ചയ്ക്ക്‌ തുടക്കമായത്‌. ഇതിനെ പിന്‍താങ്ങി കണിയാംപറമ്പില്‍ രാഘവന്‍ കൂടി വന്നതോടെ മറ്റു വള്ളങ്ങളിലെ തൊഴിലാളികള്‍ക്കും രാഷ്ട്രീയം തന്നെയാണ്‌ പ്രധാനം.

രാഹുല്‍ഗാന്ധി പ്രചരണത്തിനിറങ്ങിയ സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന്‌ കെട്ടിവച്ച പണം നഷ്ടമായെന്നും അഞ്ച്‌ സംസ്ഥാനങ്ങളില്‍ കഴിഞ്ഞതവണ നടന്ന തെരഞ്ഞെടുപ്പില്‍ നാല്‌ സംസ്ഥാനങ്ങളിലും ബിജെപിയാണ്‌ വിജയിച്ചത്‌. നരേന്ദ്രമോദി തരംഗമാണ്‌ ഇതിനു കാരണമെന്ന്‌ മൂന്നുവീട്ടില്‍ രാജേഷും കൊച്ചുകുട്ടനും തിരിച്ചടിച്ചു. ഗുജറാത്തിലെ മത്സ്യമേഖലയിലെ ക്ഷേമപദ്ധതികള്‍ കേരള സര്‍ക്കാരിന്‌ നടപ്പാക്കാന്‍ കഴിയുമോയെന്നും അവര്‍ ചോദിച്ചു.

കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനുള്ളില്‍ മത്സ്യബന്ധന മേഖലയ്ക്ക്‌ എന്തു പു രോഗതിയുണ്ടായെന്നും യുപിഎ സര്‍ക്കാരിന്‌ എന്ത്‌ സാധിച്ചുവെന്നുമായിരുന്നു കൊച്ചുകുട്ടന്റെ ചോദ്യം. ഫിഷിങ്‌ ഹാര്‍ബറിന്റെ വികസനത്തിന്‌ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്‌ വാജ്പേയിയുടെ ഭരണകാലത്താണെന്നും അതിനുശേഷം ഇവിടെ അടിഞ്ഞുകൂടിയ മണല്‍ പോലും മാറ്റുവാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും മറ്റൊരു തൊഴിലാളിയായ ഓമനക്കുട്ടന്‍ വാദിച്ചു.

എന്നാല്‍ യുപിഎയും എന്‍ഡിഎ യും തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കില്ലെന്നും തമിഴ്‌നാട്ടില്‍ ഇപ്പോള്‍ മാറി നില്‍ക്കുന്ന ജയലളിതയും മമതാ ബാനര്‍ജിയും സിപിഎമ്മും ചേര്‍ന്ന്‌ മൂന്നാംമുന്നണി അധികാരത്തില്‍ എത്തുമെന്ന്‌ ബാബു അഭിപ്രായപ്പെട്ടു. കേരളത്തില്‍ 15 സീറ്റ്‌ ഇടതുപക്ഷം സ്വന്തമാക്കുമെന്നും ബാബു വാദിച്ചു. ചര്‍ച്ച സംഘര്‍ഷത്തിലെത്തി. അപ്പോഴേക്കും വള്ളത്തില്‍ വല പൂര്‍ണമായും കയറ്റികഴിഞ്ഞിരുന്നു. തൊഴിലാളികള്‍ വിശ്രമത്തിനായി വീടുകളിലേക്ക്‌ മടങ്ങി.

വെബ്ദുനിയ വായിക്കുക