ഇടമലയാര്‍: ബാലകൃഷ്ണ പിള്ള റിവ്യൂഹര്‍ജി നല്കി

ശനി, 19 ഫെബ്രുവരി 2011 (13:07 IST)
PRO
ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ള സുപ്രീംകോടതിയില്‍ റിവ്യൂഹര്‍ജി സമര്‍പ്പിച്ചു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സംസ്ഥാനസര്‍ക്കാരും കേസില്‍ ഒത്തുകളിച്ചതായി റിവ്യൂഹര്‍ജിയില്‍ പറയുന്നു.

കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും റിവ്യൂഹര്‍ജിയില്‍ പറയുന്നു. സ്ഥാനമൊഴിയും മുമ്പ് അപ്പീല്‍ പരിഗണിക്കാന്‍ വി എസ് തിടുക്കം കാട്ടി. കേസില്‍ സുപ്രധാനരേഖകള്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്നും റിവ്യൂഹര്‍ജിയില്‍ പറയുന്നു.

ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണ പിള്ള ഇന്നലെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. ഇന്നലെ രാവിലെ കൊച്ചിയിലെ പ്രത്യേക ഇടമലയാര്‍ കോടതിയില്‍ കീഴടങ്ങിയ അദ്ദേഹത്തെ ഉച്ചയോടെ തിരുവനന്തപുരത്തേക്ക് അയച്ചു. വൈകുന്നേരത്തോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു.

കോടതിയില്‍ ഹാജരായ അദ്ദേഹം ജയിലില്‍ തനിക്ക് എ ക്ലാസ് സൌകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നല്കാന്‍ കോടതി തയ്യാറായില്ല. ജയിലില്‍ പ്രത്യേക മുറിയാണ് ബാലകൃഷ്ണ പിള്ളയ്ക്ക് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക