ആറുമാസത്തിനകം സംസ്ഥാനത്ത് പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കും: കെ ടി ജലീല്‍

വെള്ളി, 23 ജൂണ്‍ 2017 (08:37 IST)
സംസ്ഥാനത്ത് ആറുമാസത്തിനകം പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. കടകളിലും മറ്റും സ്റ്റോക്കുള്ള സഞ്ചികളെല്ലാം നീക്കം ചെയ്യുന്നതിനോ അല്ലെങ്കില്‍ ഉപയോഗിച്ചുതീര്‍ക്കുന്നതിനോ ആയാണ് ആറുമാസം സമയമനുവദിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.  
പഴം-പച്ചക്കറിക്കടകളും ഹോട്ടലുകളും മത്സ്യസ്റ്റാളുകളും ഇറച്ചിക്കടകളുമെല്ലാം  മാലിന്യം സംസ്‌കരിക്കാന്‍ സ്വന്തംസംവിധാനമൊരുക്കണം. പ്രവര്‍ത്തിക്കുന്നിടത്ത് സൗകര്യമില്ലെങ്കില്‍ മറ്റൊരിടത്ത് സംവിധാനമൊരുക്കി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു.
 
ഇതിനായി ആവശ്യമാണെങ്കില്‍ നിയമനിര്‍മാണം നടത്തും. ഹോട്ടലുകളില്‍നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്നവരെ നിരീക്ഷിക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് സംസ്‌കരണയൂണിറ്റുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
 
കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുക. സംസ്‌കരണയൂണിറ്റുകളില്‍നിന്നുള്ള പ്ലാസ്റ്റിക് പൊതുമരാമത്ത് വകുപ്പിന് റോഡ് നിര്‍മാണത്തിനായി കിലോഗ്രാമിന് 20 രൂപ നിരക്കില്‍ നല്‍കും. തദ്ദേശസ്ഥാപനങ്ങളും റോഡുനിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക