ആറാട്ടുപുഴയില്‍ ചമയങ്ങള്‍ ഒരുങ്ങി, സമര്‍പ്പണം നാലിന്‌

വ്യാഴം, 3 ഏപ്രില്‍ 2014 (13:32 IST)
PRO
ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയരായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നള്ളിപ്പുകള്‍ക്ക്‌ ആവശ്യമായ ചമയങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. കോലങ്ങള്‍, കുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയും നവീകരണവും നിര്‍മാണവും അവസാനഘട്ടത്തിലാണ്‌. കുടയുടെ ഒറ്റല്‍, നാഗങ്ങള്‍ എന്നിവ പെരുമ്പിള്ളിശ്ശേരി ശശിയും, സ്വര്‍ണ്ണം മുക്കല്‍ ചേര്‍പ്പ്‌ കെ. എ. ജോസും, കോലം, നെറ്റിപ്പട്ടം, കുട എന്നിവ തുന്നുന്നത്‌ തൃശൂര്‍ വി. എന്‍. പുരുഷോത്തമനും, ആലവട്ടം, ചാമരം എന്നിവയുടെ നിര്‍മാണം നടത്തിയത്‌ എരവിമംഗലം രാധാകൃഷ്ണനുമാണ്‌.

മണിക്കൂട്ടം, കുടയുടെ മകുടങ്ങള്‍ എന്നിവ പ്ലേറ്റിങ്ങ്‌ നടത്തിയത്‌ പെരിങ്ങാവ്‌ ഗോള്‍ഡിയുടെ രാജനും, വിളക്കുകള്‍, കൈപ്പന്തത്തിന്റെ നാഴികള്‍ എന്നിവ പോളിഷിംഗ്‌ നടത്തിയത്‌ ഇരിങ്ങാലക്കുട ബെല്‍വിക്സ്‌ എന്ന സഹകരണ സ്ഥാപനവുമാണ്‌.

ഈ വര്‍ഷം കോലം, നെറ്റിപ്പട്ടം, ഇരുപതോളം കുടകള്‍, നാലുജോഡി ചാമരം, ഏഴ്‌ ജോഡി ആലവട്ടം, വക്ക കയര്‍, മണിക്കൂട്ടങ്ങങ്ങള്‍ എന്നിവ വഴിപാടായി ലഭിച്ചിട്ടുണ്ട്‌. പട്ടുകുടകളില്‍ ചെമ്പില്‍ തീര്‍ത്ത നാഗങ്ങളും പിടിപ്പിച്ചിട്ടുണ്ട്‌. ശാസ്താവിന്റെ എല്ലാ എഴുന്നള്ളിപ്പുകള്‍ക്കും പൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍ മാത്രമാണ്‌ ഉപയോഗിക്കുക. ഈ വര്‍ഷം ഒരു സെറ്റ്‌ ചമയങ്ങള്‍ ശാസ്താവിന്‌ വഴിപാടായി ലഭിച്ചിട്ടുണ്ട്‌.

പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയിലാണ്‌ ഏപ്രില്‍ 4ന്‌ വൈകീട്ട്‌ 5.30 മുതല്‍ ചമയങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങുക. കൈപ്പന്തത്തിനു വേണ്ട വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും ഈ സമയത്ത്‌ ശാസ്താവിന്‌ സമര്‍പ്പിക്കും.

വെബ്ദുനിയ വായിക്കുക