ആഭ്യന്തരവകുപ്പിന് വീഴ്ചപറ്റി, ടി പി വധക്കേസ് സിബിഐയെ ഏല്‍പ്പിക്കണം: കെ മുരളീധരന്‍

വ്യാഴം, 12 സെപ്‌റ്റംബര്‍ 2013 (12:42 IST)
PRO
ആഭ്യന്തരവകുപ്പിനെതിരെ നിലപാട് കര്‍ക്കശമാക്കി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് രംഗത്ത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച സംഭവിച്ചു എന്ന് കെ മുരളീധരന്‍ എം എല്‍ എ ആരോപിച്ചു. ടി പി വധക്കേസ് സി ബി ഐയെ ഏല്‍പ്പിക്കണമെന്നും മുരളീധരന്‍ നിര്‍ദ്ദേശിച്ചു. ആഭ്യന്തരവകുപ്പിന്‍റെ വീഴ്ച കാരണം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്‍റെ മുഖ്യ പ്രചരണായുധമാണ് നഷ്ടപ്പെട്ടതെന്നും മുരളീധരന്‍ ആരോപിച്ചു.

വാര്‍ത്താസമ്മേളനം വിളിച്ചാണ് കെ മുരളീധരന്‍ ആഭ്യന്തരവകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ടി പി കേസിന്‍റെ അന്വേഷണത്തില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന വേഗത പിന്നീട് നഷ്ടപ്പെട്ടു. മോഹനന്‍ മാസ്റ്ററുടെ അറസ്റ്റിന് ശേഷം കേസ് അന്വേഷണം മന്ദഗതിയിലായി. സാക്ഷികള്‍ കൂറുമാറിയതും പ്രതികളുടെ എണ്ണം കൂടിയതും കേസ് ദുര്‍ബലമാകാന്‍ കാരണമായി. സി പി എമ്മിലെ പലരുടെയും സമ്മര്‍ദ്ദം മൂലമായിരിക്കാം സാക്ഷികള്‍ കൂറുമാറിയത്. ആ സാഹചര്യം മുന്‍‌കൂട്ടിക്കണ്ട് സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആഭ്യന്തരവകുപ്പിന് കഴിയണമായിരുന്നു. അക്കാര്യത്തിലുള്‍പ്പടെ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റി - മുരളീധരന്‍ ആരോപിച്ചു.

കേസിലെ 20 പ്രതികളെ വെറുതെ വിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരു പുനരന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. വീണ്ടും സംസ്ഥാന പൊലീസ് ഈ കേസ് അന്വേഷിക്കേണ്ടതില്ല. കാരണം ലോക്കല്‍ പൊലീസിന് ഈ കേസില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു സ്ഥിതിവിശേഷമുണ്ട്. ഈ കേസ് സി ബി ഐയെ ഏല്‍പ്പിക്കണം. 20 പ്രതികളെ വെറുതെ വിടാനുണ്ടായ സാഹചര്യം വരെ അന്വേഷണപരിധിയില്‍ കൊണ്ടുവരണം - മുരളീധരന്‍ ആവശ്യപ്പെട്ടു.

ടി പി ചന്ദ്രശേഖരന്‍ വധം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുഖ്യ പ്രചരണായുധമാക്കാന്‍ യു ഡി എഫ് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ 20 പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ ആ ആയുധം നഷ്ടമായി. നിങ്ങള്‍ ഉന്നയിക്കുന്ന ആരോപണത്തിന് തെളിവെവിടെ എന്ന് ജനം ചോദിക്കും - കെ മുരളീധരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക