ആഭ്യന്തരവകുപ്പിനെതിരെ സുരേന്ദ്രന്‍

ചൊവ്വ, 21 ഏപ്രില്‍ 2009 (15:41 IST)
പി ജയരാജന്‍ എം എല്‍ എയുടെ മകന്‍ ആശിഷ് പി രാജിന് ബോംബ്‌ സ്ഫോടനത്തില്‍ പരിക്കേറ്റതുമായി ബന്ധപ്പെട്ട കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ ആഭ്യന്തര വകുപ്പ്‌ ശ്രമിക്കുകയാണെന്ന്‌ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിലെ പ്രതികളെ പൊലീസ്‌ ചോദ്യം ചെയ്തിട്ടില്ല. മന്ത്രിമാരുടെയും സി പി എം നേതാക്കളുടെയും മക്കള്‍ കേരളത്തെ കുരുതിക്കളമാക്കുകയാണ്. ആരെ വധിക്കാന്‍ ലക്‍ഷ്യമിട്ടാണ് ബോംബ് നിര്‍മ്മിച്ചതെന്ന് എം എല്‍ എ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ്‌ ദിവസമായിരുന്ന ഏപ്രില്‍ പതിനാറാം തീയതി വൈകിട്ടായിരുന്നു സംഭവം നടന്നത്‌. സ്‌ഫോടനത്തില്‍ പരുക്കേറ്റ സംഭവത്തില്‍ പി ജയരാജന്‍റെ മകന്‍ ആശിഷിന്‍റെ പേരില്‍ തിങ്കളാഴ്ചയാണ് കതിരൂര്‍ പൊലീസ് കേസെടുത്തത്. സ്ഫോടകവസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തു എന്നതാണ് കേസ്.

വെബ്ദുനിയ വായിക്കുക