ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ രൂക്ഷവിമര്‍ശനവുമായി സി പി എം മുന്‍ ഇടിക്കി ജില്ലാ സെക്രട്ടറി എം എം മണി രംഗത്ത്. ആഭ്യന്തരമന്ത്രിയായി കോണ്‍ഗ്രസ് നിശ്ചയിച്ചത് ഒരു അലവലാതിയെയാണെന്ന് എം എം മണി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആസനം താങ്ങുകയാണ് ആഭ്യന്തരമന്ത്രിയുടെ പണി. ടി പി വധക്കേസില്‍ വഴിവക്കില്‍ നിന്ന് സോഡ കുടിച്ചവരെപ്പോലും പ്രതിയാക്കുകയായിരുന്നു. കേരളത്തില്‍ സിപിഎമ്മിനെ തകര്‍ക്കാനാണ് ആഭ്യന്തരമന്ത്രിയുടെ ശ്രമമെന്നും മണി വിമര്‍ശിച്ചു.
44 ദിവസത്തെ ജയില്‍വാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് മണി ജയില്‍ മോചിതനായത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകാനല്ലാതെ ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ഉള്ളതിനാല്‍ കോട്ടയം കിടങ്ങൂരുള്ള ബന്ധുവീട്ടിലാണ് മണി ഇപ്പോള്‍. അറസ്റ്റും ജയില്‍ജീവിതവും തനിക്ക് ഒരു പ്രശ്‌നമല്ലെന്നും സര്‍ക്കാരിനെതിരെ ഇനിയും സമരങ്ങള്‍ വ്യാപിപ്പിക്കുമെന്നും സ്വീകരണസമ്മേളനത്തില്‍ മണി പറഞ്ഞു.