ആനയുടെ പുറകില്‍ കാര്‍ ഇടിച്ചു; 11പേര്‍ക്ക് പരുക്ക്
ബുധന്‍, 20 ഫെബ്രുവരി 2013 (11:00 IST)
PRO
PRO
ഏങ്ങണ്ടിയൂരില്‍ ഉത്സവത്തിന് എഴുന്നള്ളിച്ച ആനയുടെ പുറകില്‍ കാറിടിച്ച് പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റു. ആനപ്പുറത്ത് കോലം പിടിച്ചവര്‍ക്കും കാര്‍ യാത്രക്കാര്‍ക്കുമാണ് പരുക്കേറ്റത്. കോലം പിടിച്ചിരുന്ന ചാലക്കുടി ചെറുങ്ങോട് സുകുമാരന്‍, പാലക്കാട് അമ്പലപറമ്പ് രാജേഷ് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
കാറില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശികളായ 9 അംഗ കുടുംബം എന്നിവര്‍ക്ക് നിസാര പരുക്കേറ്റു. അപകടത്തില്‍ പിന്‍കാലുകള്‍ക്ക് സാരമായി പരുക്കേറ്റ മന്ദലാംകുന്ന് കര്‍ണനെന്ന ആനയെ ഏത്തായ്ക്ക് സമീപത്തെ ആനപ്പറമ്പിലേക്ക് ചികില്‍സയ്ക്കായി മാറ്റി. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
പൊക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുള്ള രാത്രി പൂരത്തിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെ പൊക്കുളങ്ങര സെന്ററില്‍ ദേശീയപാതയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന് മുകളില്‍ ആന ഇരുന്നതാണ് കാര്‍ തകരുന്നതിന് കാരണമായത്.