ആദ്യം പ്രണയം, പിന്നെ ഒളിച്ചോട്ടം, മദ്യപാനം, അടിപിടി ; ഒടുവിൽ പൊലീസ് സ്റ്റേഷനിൽ നിക്കാഹും !
തിങ്കള്‍, 10 ജൂലൈ 2017 (11:29 IST)
ചില പ്രണയങ്ങള്‍ അങ്ങനെയാണ് കൂറെ ഏറെ സഹിക്കേണ്ടി വരും. അതിന് ഒരു ഉദാഹരണമാണ് ഈ സംഭവം സിനിമാ കഥയെ പോലും വെല്ലുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം പൊന്നാനി സിഐ ഓഫീസിൽ നടന്നത്. പൊന്നാനി സ്വദേശികളായ യുവാവും യുവതിയും പ്രണയത്തിനൊടുവിൽ വിവാഹം കഴിക്കാനായി നാടുവിട്ടു. പൊന്നാനി അതളൂർ സ്വദേശി മുക്രിയത്ത് തൗഫീഖാണ് പൊന്നാനി സ്വദേശിനിയായ കാമുകിയുമായി വ്യാഴാഴ്ച രാവിലെ നാടുവിട്ടത്.
തുടർന്ന് സുഹൃത്തുക്കളോടൊപ്പം വയനാട്ടിലെത്തിയ തൗഫീഖും കാമുകിയും ഹോട്ടലിൽ റൂമെടുത്ത്
തങ്ങുകയായിരുന്നു. കാമുകിയെ ഹോട്ടലിലെ മുറിയിലാക്കി തൗഫീഖും സുഹൃത്തുക്കളും മദ്യപിക്കാനായി പോയി. ഇതിനിടെ പുറത്തുവെച്ച് ഇവരെ വൈത്തിരി പൊലീസ് പിടികൂടി. പിടിയിലായ യുവാക്കൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടെങ്കിലും സംഘത്തിൽപ്പെട്ട ഒരാളെ പൊലീസ് പിടികൂടുകയായിരുന്നു.
അതേസമയം പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വയനാട്ടിലുണ്ടെന്ന് കണ്ടെത്തിയ പൊന്നാനി പൊലീസ് വൈത്തിരിയിലെത്തി പെൺകുട്ടിയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് തൗഫീഖിനെയും കാമുകിയെയും പൊലീസ് കോടതിയിൽ ഹാജരാക്കി.
തനിക്ക് കാമുകനൊപ്പം പോയാൽ മതിയെന്ന് പെൺകുട്ടി വാശിപ്പിടിച്ചതോടെ കോടതി അനുവാദം നൽകി.
പെൺകുട്ടി കാമുകന്റെ കൂടെ മാത്രമേ പോകുവെന്ന് വാശിപിടിച്ചതോടെ ബന്ധുക്കളും അയഞ്ഞു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് വിവാഹം നടത്തി.
എന്നാല്‍ വിവാഹം കഴിഞ്ഞ പുറത്ത് വന്നപ്പോള്‍ പൊലീസിനെ ആക്രമിച്ച കേസിൽ വരനായ തൗഫീഖിനെ കസ്റ്റഡിയിലെടുക്കാന്‍ വൈത്തിരി പൊലീസ് കത്തിരിക്കുകയായിരുന്നു. തുടര്‍ന്ന് തൗഫീഖിനെ കസ്റ്റഡിയിലെടുത്ത് വയനാട്ടിലേക്ക് കൊണ്ടുപോയി. ഇയാളെ തിങ്കളാഴ്ച കൽപ്പറ്റ കോടതിയിൽ ഹാജരാക്കും. അതേസമയം, നവവധുവിനെ പൊലീസ് ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു.