ആദര്‍ശ രാഷ്ട്രീയത്തിന്റെ ആശാന് രാഷ്ട്രീയ കേരളത്തിന്റെ വിട

വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (16:34 IST)
PRO
അധികാരവ്യാമോഹങ്ങളില്ലാതെ ഉറച്ചനിലപാടുകളുള്ള വ്യക്തിത്വമായി കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വെളിയം ഭാര്‍ഗവന് കേരളം വിട നല്‍കി.

വ്യാഴാഴ്ച വൈകീട്ട് 4.35ഓടെ തൈക്കാട് ശാന്തികവാടത്തിലാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തിയത്. മൃതദേഹം രാവിലെ മുതല്‍ എംഎന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയായിരുന്നു. പിന്നീട് വിലാപയാത്രയായാണ് ഭൌതികശരീരം ശാന്തികവാടത്തില്‍ എത്തിച്ചത്.

പ്രിയപ്പെട്ട ആശാന് അന്ത്യാഞ്ജലി അര്‍പ്പിക്കാനും അവസാനമായി ഒരുനോക്ക് കാണാനുമായി പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും തലസ്ഥാനത്തേക്ക് എത്തിയിരുന്നു.

മരണവാര്‍ത്ത ആറിഞ്ഞ ഉടന്‍ തന്നെ തിരുവന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാത്രി ഏറെ വൈകി വെളിയന്‍ ഭാര്‍ഗവന്റെ വസതിയില്‍ വീണ്ടുമെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍, കേന്ദ്ര മന്ത്രി കെസി വേണുഗോപാല്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെഎം മാണി, കെസി ജോസഫ്, വിഎസ് ശിവകുമാര്‍, കെ മുരളീധരന്‍ എംഎല്‍എ, സിപിഎം നേതാക്കളായ എംഎം ബേബി, എളമരം കരീം എന്നിവരും അദാരാഞ്ജലികള്‍ അര്‍പ്പിച്ചു.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎന്‍ സ്മാരകത്തിലെത്തി വെളിയത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാനമന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

രാവിലെ ഏഴേമുക്കാലോടെയാണ് പട്ടത്തെ മകളുടെ വസതിയായ വൃന്ദാവനത്തില്‍ നിന്ന് മൃതദേഹം എം എന്‍ സ്മാരകത്തിലേക്ക് കൊണ്ടുപോയത്.

ബുധനാഴ്ച ഉച്ചയോടെയാണ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചത്. പന്ത്രണ്ടുവര്‍ഷം സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലും ദേശീയ കൗണ്‍സിലിലും അംഗമായിരുന്നു. 2010 നവംബറില്‍ അനാരോഗ്യത്താല്‍ സംസ്ഥാന സെക്രട്ടറി പദം ഒഴിയേണ്ടിവന്നതിനുശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

1928 മെയ് 28 ന് കൊല്ലം ജില്ലയില്‍ വെളിയത്ത് വിളയില്‍ക്കോണം വീട്ടില്‍ കളീക്കല്‍ മേലത് കൃഷ്ണന്റെയും ഉണ്ണിയമ്മയുടെയും മകനായാണ് വെളിയം ജനിച്ചത്.
സംസ്‌കൃതം പഠിച്ച് ചെറുപ്പത്തില്‍ സന്ന്യാസിയാകാന്‍ ഇറങ്ങിത്തിരിച്ച വെളിയം ആ ജീവിതം ഉപേക്ഷിച്ചാണ് കമ്മ്യൂണിസ്റ്റായത്.

1965 ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 1983 മുതല്‍ 1998 വരെ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായിരുന്നു. 98 മുതല്‍ 2010 നവംബര്‍ വരെ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നു. പിന്നീട് സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞതിനുശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

ഭാര്യ സുനീതി അമ്മ റിട്ട.ഹെഡ്മിസ്ട്രസാണ്. മകള്‍: ബി മഞ്ജു (ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, വൈദ്യുതിഭവന്‍, തിരുവനന്തപുരം). മരുമകന്‍: ഡോ അജിത് ഹരിദാസ് ( സീനിയര്‍ സയന്‍റിസ്റ്റ്, സിഎസ്ഐആര്‍, തിരുവനന്തപുരം) .

വെബ്ദുനിയ വായിക്കുക