ആട് ആന്‍റണിയെ ജൂണ്‍ 20ന് മുമ്പ് പിടിക്കണം: ചെന്നിത്തലയുടെ അന്ത്യശാസനം

ശനി, 10 മെയ് 2014 (12:56 IST)
കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിയെ ജൂണ്‍ 20ന് മുമ്പ് പിടികൂടണമെന്ന് പൊലീസിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അന്ത്യശാസനം. രണ്ടുവര്‍ഷമായി ശ്രമിച്ചിട്ടും ആട് ആന്‍റണിയെ പിടികൂടാന്‍ കഴിയാത്തത് അങ്ങേയറ്റത്തെ നാണക്കേടായാണ് ആഭ്യന്തരവകുപ്പ് വിലയിരുത്തുന്നത്. ഡ്യൂട്ടിക്കിടെ മണിയന്‍‌പിള്ള എന്ന പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലാണ് പ്രധാനമായും ആട് ആന്‍റണിയെ തിരയുന്നത്.
 
ഇതുള്‍പ്പടെ ഇരുന്നൂറിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആട്‌ ആന്‍റണി. ഇയാള്‍ രാജ്യം വിട്ടെന്ന സംശയവും പൊലീസിനുണ്ട്. ആട് ആന്‍റണി നേപ്പാളില്‍ അഭയം തേടിയിരിക്കാമെന്ന് ഇടക്കാലത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൊലീസും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി.
 
2012 ജൂണ്‍ 26ന് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിയന്‍പിള്ള എന്ന പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വര്‍ഗീസ് ആന്‍റണി എന്ന ആട് ആന്‍റണിയെ തിരയുന്നത്. ഓയൂരിലെ ഒരു വീട്ടില്‍ മോഷണം നടത്തി തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാനില്‍ ആട് ആന്‍റണി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോള്‍ പാരിപ്പള്ളിക്ക് സമീപം പട്രോളിങ് സംഘം സംശയം തോന്നി തടയുകയായിരുന്നു. തുടര്‍ന്നാണ് മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആന്‍റണി രക്ഷപ്പെട്ടത്.
 
ആട് ആന്‍റണിക്ക് നിരവധി ഭാര്യമാരുണ്ട് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളുമായി ബന്ധമുള്ള സ്ത്രീകളുടെ വീടുകളിലും ബന്ധു വീടുകളിലും പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ആട് മാത്രം വലയില്‍ കുടുങ്ങിയില്ല. 
 
ആട് ആന്‍റണിയെ പിടികൂടാന്‍ കഴിയാത്തതാണ് തന്‍െറ ഔദ്യാഗിക ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമെന്ന് വിരമിക്കുന്ന സമയത്ത് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക