അവസാന ശ്വാസം വരെ വിഎസിനോടൊപ്പം: സുരേഷ്

തിങ്കള്‍, 25 ഫെബ്രുവരി 2013 (11:33 IST)
PRO
PRO
പാര്‍ട്ടി എന്തൊക്കെ തീരുമാനം കൈക്കൊണ്ടാലും താന്‍ വിഎസ്‌ അച്യുതാനന്ദനെ കൈവിടില്ലെന്ന്‌ വി എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് വി സുരേഷ്. അവസാന ശ്വാസം വരെ വിഎസിനോടൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട്‌ കല്ലേപ്പുള്ളി കുമ്മാട്ടിയോടനുബന്ധിച്ച്‌ പേഴാകുളങ്ങര ദേശവാസികള്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കവേയാണ്‌ സുരേഷ്‌ നയം വ്യക്തമാക്കിയത്‌.

വി എസിന്റെ വീഴ്ച്ചക്കായി കാത്തിരിക്കുന്ന നിരവധി പേര്‍ സംസ്ഥാനത്തുണ്ട്‌. ഇത്തരക്കാരുടെ മുന്നില്‍ വിഎസ്‌ നെഞ്ചു വിരിച്ചു പോരാടും. തനിക്ക്‌ ഒരു പ്രതിസന്ധിയുണ്ടായാല്‍ സംരക്ഷിക്കാന്‍ പാവങ്ങളുടെ പടത്തലവനായ വിഎസ്‌ ഉണ്ടാകും. ഒരുപാട്‌ പ്രതിസന്ധികളും പ്രശ്നങ്ങളുമുള്ള മനുഷ്യനാണ്‌ താന്‍. അവയെല്ലാം തരണം ചെയ്യാനുള്ള ആര്‍ജ്ജവം ലഭിച്ചത്‌ വിഎസ്‌ എന്ന മഹാമേരുവിന്‌ കഴീല്‍ ജോലി ചെയ്യാനുള്ള ജന്‍മഭാഗ്യം ലഭിച്ചതിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

എവിടെ അഴിമതി ഉണ്ടായാലും വി എസിന്റെ ശബ്ദം ഉയരും. എണ്‍പത്തിയൊമ്പതാം വയസ്സിലും അഴിമതിക്കെതിരെയും കേരളത്തിലെ സ്ത്രീകളുടെ മാനം സംരക്ഷിക്കാനും പോരാടുന്ന വ്യക്തിയാണദ്ദേഹം- സുരേഷ്‌ പറഞ്ഞു.

വെബ്ദുനിയ വായിക്കുക