അവധി ആഘോഷിക്കാന്‍ ഡബിള്‍ ബെല്‍!

വ്യാഴം, 5 മെയ് 2011 (15:29 IST)
FILE
വേനലവധി പൊടിപൊടിക്കാന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നവര്‍ ഒരു കാര്യം കൂടി ഓര്‍ക്കുക. തലസ്ഥാന നഗരത്തിന്റെ പ്രൌഡി ഒന്നൊഴിയാതെ നിങ്ങള്‍ക്ക് കാട്ടിത്തരാന്‍ കെ എസ് ആര്‍ ടി സി ഒരു ഡബിള്‍ഡക്കര്‍ ബസ് ഒരുക്കിനിര്‍ത്തിയിരിക്കുന്നു. ദിവസം എട്ട് മണിക്കൂര്‍ ആണ് ഈ ബസ് സര്‍വീസ് നടത്തുക.

രാവിലെ പത്മനാഭസ്വാമി ക്ഷേത്രനടയില്‍ നിന്നാണ് ബസ് പുറപ്പെടുക. ഗതകാലസ്മരണകളുറങ്ങുന്ന മ്യൂസിയം വഴി സഞ്ചരിക്കുന്ന ബസ് പാര്‍ക്കിലേക്ക് തിരിക്കും. തുടര്‍ന്ന് ശംഖുമുഖം കടല്‍തീരത്തിന്റെ സൌന്ദര്യം നുകരാനായി കൊണ്ടുപോകും. വൈകിട്ട് കോവളത്താണ് ബസ് യാത്ര അവസാനിപ്പിക്കുക.

എട്ട് മണിക്കൂര്‍ നേരത്തേക്ക് 4,000 രൂപയാണ് ഈടാക്കുന്നത്. 72 പേര്‍ക്ക് ബസില്‍ യാത്ര ചെയ്യാം. ഒരാളുടെ യാത്രാ ചിലവ് വെറും 55 രൂപ മാത്രമെന്ന് ചുരുക്കം. അവധിക്കാലമായതിനാല്‍ നല്ല ബുക്കിംഗ് നടക്കുന്നുണ്ടെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കുന്നു. കൂടുതല്‍ ബുക്കിംഗ് വരികയാണെങ്കില്‍ ഒരു ബസ് കൂടി നിരത്തിലിറക്കാനാണ് അധികൃതരുടെ പരിപാടി.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഡബിള്‍ഡക്കര്‍ ബസുകള്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ യാത്രക്കാര്‍ക്കായി വീണ്ടും സര്‍വീസ് നടക്കുന്നുണ്ട്. നിരത്തില്‍ നിന്ന് അഞ്ചു വര്‍ഷം മുമ്പ് പിന്‍വാങ്ങിയ ഡബിള്‍ഡക്കറാണ് തലസ്ഥാനനഗരിയില്‍ പുതുതായി എത്തിയതെങ്കില്‍ നാലു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ് കൊച്ചിയുടെ നിരത്തിലേക്ക് ഡബിള്‍ഡക്കര്‍ ബസ് വീണ്ടുമെത്തിയത്.

താഴെ 31 പേര്‍ക്കും മുകളില്‍ 42 പേര്‍ക്കും ഇരിക്കാവുന്ന വിധത്തിലാണ് ഡബിള്‍ഡക്കര്‍ ബസ് ക്രമീകരിച്ചിരിക്കുന്നത്. ഓര്‍ഡിനറി ബസുകളിലെ അതേ ടിക്കറ്റ് നിരക്കാണ് ഇതിലും ഈടാക്കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് മൂന്നര കിലോമീറ്റര്‍ വരെ പോകാന്‍ ഡബിള്‍ ഡക്കര്‍ ബസുകള്‍ക്ക് സാധിക്കും.

(ഫോട്ടോയ്ക്ക് കടപ്പാട് - ഫോട്ടോഗ്രാഫര്‍ ബിനായ് കെ ശങ്കര്‍ / ബിനായ് കെ ശങ്കറിന്റെ ആനവണ്ടി ഡോട്ട് വേഡ്‌പ്രസ്സ് ഡോട്ട് കോം എന്ന ബ്ലോഗില്‍ നിന്നെടുത്ത ചിത്രമാണിത്)

വെബ്ദുനിയ വായിക്കുക