അഴീക്കോട് ‘പ്രണയം’ കണ്ടു, ലാല്‍‌ഫാന്‍സ് പൂച്ചെണ്ട് നല്‍കി!

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2011 (18:51 IST)
PRO
മോഹന്‍ലാലും സുകുമാര്‍ അഴീക്കോടും തമ്മിലുള്ള അടി ഇനി പഴയ കഥ. ഇരുവര്‍ക്കുമിടയില്‍ മഞ്ഞുരുകുന്നതിന്‍റെ ലക്ഷണം കണ്ടുതുടങ്ങി. മോഹന്‍ലാല്‍ മികച്ച അഭിനയം കാഴ്ചവച്ച ‘പ്രണയം’ എന്ന സിനിമ കാണാന്‍ അഴീക്കോടെത്തി.

തൃശൂരിലെ ഒരു തിയേറ്ററിലാണ് അഴീക്കോട് പ്രണയം കാണാനെത്തിയത്. ചിത്രം കണ്ടിറങ്ങിയ അഴീക്കോടിന്‍റെ മുഖത്ത് ഒരു നല്ല സിനിമ കണ്ടതിന്‍റെ സംതൃപ്തി വിളങ്ങിനിന്നു.

മോഹന്‍ലാലിന്‍റേത് ഉജ്ജ്വലമായ അഭിനയമാണെന്ന് പ്രശംസിക്കാനും അഴീക്കോട് മടിച്ചില്ല. “മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ നടത്തിയത്. വ്യത്യസ്തനായ ഒരു ലാല്‍ ഈ ചിത്രത്തില്‍ ഉണ്ട്. ലാല്‍ ലാലിനെ കണ്ടെത്തുകയാണ് പ്രണയത്തിലൂടെ എന്നുപറയാം. ഇത്തരം ശ്രമങ്ങള്‍ ഇനിയുമുണ്ടാകണം” - അഴീക്കോട് പറഞ്ഞു.

പ്രണയത്തിന്‍റെ സംവിധായകന്‍ ബ്ലെസി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും അഴീക്കോട് വെളിപ്പെടുത്തി. അഴീക്കോട് സിനിമ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് നാടകീയമായ ആ രംഗം അവതരിച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍റെ ആളുകള്‍ അഴീക്കോടിനെ കാണാനെത്തി. അവര്‍ അദ്ദേഹത്തിന് പൂച്ചെണ്ടുനല്‍കി. ലാല്‍ - അഴീക്കോട് യുദ്ധം ഉണ്ടായപ്പോള്‍ അഴീക്കോടിന്‍റെ കോലം കത്തിച്ചവരാണ് മോഹന്‍ലാല്‍ ഫാന്‍സ് പ്രവര്‍ത്തകര്‍.

എന്തായാലും മോഹന്‍ലാലുമായി ഒരു സന്ധിസംഭാഷണത്തിന് അഴീക്കോട് ആഗ്രഹിക്കുന്നുണ്ട് എന്ന് വ്യക്തം. അത് ഇനി എവിടെ അരങ്ങേറുമെന്ന് കാത്തിരുന്ന് കാണാം.