തൃശൂരിലെ പത്ത് സ്ഥലങ്ങളില്‍ സുകുമാര്‍ അഴീക്കോടിന്‍റെ കോലം കത്തിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ടോം വടക്കന്‍ തൃശൂരില്‍ മത്സരിക്കുന്നതിനെതിരെ അഴീക്കോട് നടത്തിയ പ്രസ്താവനയാണ് യൂത്ത് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. വടക്കന്‍ മത്സരിക്കുന്നത് തൃശൂരിന് അപമാനമാണെന്നായിരുന്നു അഴീക്കോട് ഇന്നലെ പ്രസ്താവന നടത്തിയത്.
അഴീക്കോടിന്‍റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്, അയാള്‍ നല്ല മലയാളമാണോ സംസാരിക്കുന്നത് എന്നത് നോക്കിയല്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഹിന്ദിയും ഇംഗ്ലീഷും നന്നായി അറിയാവുന്ന ടോം വടക്കന് പാര്‍ലമെന്‍റില്‍ ശോഭിക്കാനാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. ആകാശത്തിനു കീഴിലുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും ആധികാരികമായി പറയാന്‍ കഴിവുള്ള ആളാണ് താന്‍ എന്ന് അഴീക്കോട് കരുതുന്നത് ശരിയല്ല. സാംസ്കാരിക, സാഹിത്യരംഗങ്ങളില്‍ അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചാല്‍ മതി. പഴയ കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ കോണ്‍ഗ്രസിനെതിരായി സംസാരിക്കുന്നത് ശരിയല്ലെന്നും അഴീക്കോടിനെ പരാമര്‍ശിച്ച് രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.
എന്നാല്‍ അഴീക്കോടിന്‍റെ അഭിപ്രായത്തോട് യോജിപ്പുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും അക്കാര്യം പരസ്യമായി പറഞ്ഞ് രംഗത്തെത്തിയത് കെ പി സി സി നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. അഴീക്കോടിന്‍റെ അഭിപ്രായത്തോട് യോജിച്ച് വാര്‍ത്താസമ്മേളനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സി എ ഗോപപ്രതാപിനെ സംഘടനയില്‍ നിന്നും ആറു വര്‍ഷത്തേക്ക് കെ പി സി സി സസ്‌പെന്‍ഡ് ചെയ്തു.
ടോം വടക്കന് വിജയ സാധ്യതയില്ലെന്നും, മത സാമുദായിക വിഭാഗത്തിന്‍റെ സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായി വരുന്ന സ്ഥാനാര്‍ത്ഥികളെ ബഹിഷ്‌കരിക്കുമെന്നും ഗോപപ്രതാപന്‍ വ്യക്തമാക്കിയിരുന്നു. വടക്കനെതിരേ പരസ്യ പ്രസ്താവന നടത്തിയ മുന്‍ മന്ത്രി കെ പി വിശ്വനാഥനെയും കെ പി സി സി താക്കീത് ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ആരും പരസ്യപ്രസ്താവന നടത്തരുതെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മുന്നറിയിപ്പു നല്‍കി. ആരെങ്കിലും പരസ്യപ്രസ്താവന നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.